കന്യാകുമാരി: തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്. കന്യാകുമാരിയില്‍ കടലില്‍ പോകുന്നത് ജില്ലാ ഭരണകൂടമാണ് വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് 12 ബോട്ടുകളാണ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ അഞ്ച് പേരില്‍ കൂടുതല്‍ അനുവദിക്കില്ലെന്ന് കലക്ടർ ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് ബോട്ട് യാത്ര റദ്ദാക്കുകയായിരുന്നു.
Read Also: ഇതൊക്കെ എന്ത് ! നീന്തൽ അറിയാം, ലൈഫ് ജാക്കറ്റ് വേണ്ട; രാഹുൽ ആഴക്കടലിലേക്ക് വലയെറിയുമ്പോൾ, വീഡിയോ
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുൽ ഗാന്ധി കൊല്ലം തങ്കശ്ശേരി ഹാർബറിലെ മത്സ്യതൊഴിലാളികൾക്കൊപ്പം കടൽയാത്ര നടത്തിയിരുന്നു. ഏകദേശം രണ്ട് മണിക്കൂറോേളം രാഹുൽ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ ചിലവഴിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ കടൽ യാത്രയിലൂടെ സാധിച്ചെന്ന് രാഹുൽ പറഞ്ഞു. മത്സ്യതൊഴിലാളികൾക്കൊപ്പം വല വീശാൻ രാഹുൽ ഗാന്ധി മുൻപന്തിയിലുണ്ടായിരുന്നു.
അതേസമയം, രാഹുൽ ഗാന്ധിയുടെ തമിഴ്നാട് സന്ദർശനം തുടരുകയാണ്. കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ് ജോസഫ്സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികൾക്കൊപ്പം രാഹുൽ ഗാന്ധി ഇന്ന് സമയം ചെലവഴിച്ചു. വിദ്യാർഥികൾക്കൊപ്പം സംവദിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്.