ന്യൂഡല്‍ഹി: കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ തീരുമാനിച്ച ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി.

ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന്‍റെ ഈ തീരുമാനം ” സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസം നല്‍കും” എന്നും “ശരിയായ ദിശയിലേക്കുള്ള കാല്‍വയ്പ്പ്‌ ” എന്നുമാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

സംസ്ഥാനത്തെ 94 ലക്ഷത്തോളം വരുന്ന ചെറുകിട കര്‍ഷകരുടെ ലോണ്‍ എഴുതിത്തള്ളും എന്നാണു യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരിക്കുന്നത്. 36,359 കോടിയോളം രൂപ ഈ ഇനത്തില്‍ എഴുതി തള്ളാനായിരുന്നു ചൊവ്വാഴ്ച്ച ചേര്‍ന്ന ആദിത്യനാഥ് സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് തീരുമാനം. ഇതില്‍ 5,630 കോടി രൂപ ഏഴു ലക്ഷം കര്‍ഷകരുടെ കിട്ടാക്കടമാണ്. തങ്ങള്‍ അധികാരത്തില്‍ വരുകയാണെങ്കില്‍ കര്‍ഷകരുടെ കടം എഴുതി തള്ളുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനം ആയിരുന്നു.

“ഒടുവില്‍ ബിജെപി കാര്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് എന്നത് സന്തോഷകരമായ കാര്യമാണ്. രാജ്യമൊട്ടാകെ കര്‍ഷകർ ക്ലേശമനുഭവിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ല ” എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബുദ്ധിമുട്ടനുഭവിക്കുന്ന കര്‍ഷകരുടെ കടം എഴുതിതള്ളുന്നതിനെ കോണ്‍ഗ്രസ് എന്നും സ്വാഗതം ചെയ്യുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ ദുരവസ്ഥയെ കേന്ദ്രം കാണണം എന്നും ഇതുപോലുള്ള നടപടികള്‍ രാജ്യവ്യാപകമായി കൊണ്ട് വരണം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പരിഗണനയില്‍ വേര്‍ത്തിരിവ് ഉണ്ടാവരുത് എന്നും രാഹുല്‍ ഗാന്ധി കൂട്ടിചേര്‍ത്തു.

ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ കടം എഴുതി തള്ളാന്‍ സര്‍ക്കാരുകള്‍ മുന്നോട്ട് വരണം എന്ന് മദ്രാസ് ഹൈക്കോടതിയും നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്ര സഹായം ആവശ്യപ്പെട്ടു ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന തമിഴ് കര്‍ഷകരെ കണക്കിലെടുത്തായിരുന്നു ഹൈക്കോടതി പരാമര്‍ശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ