അമേഠി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയമേറ്റുവാങ്ങിയ ശേഷം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലെത്തി. അമേഠിയില്‍ രാഹുല്‍ ഗാന്ധി വിശകലന യോഗത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയായി. നിര്‍മല ദേവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് വിശകലന യോഗം നടന്നത്. ബൂത്ത് പ്രസിഡന്റുമാർ തുടങ്ങിയുള്ള പാര്‍ട്ടി നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. അമേഠിയിലെ സന്ദര്‍ശന വേളയില്‍ രാഹുല്‍ പാര്‍ട്ടി പ്രതിനിധികളും സലോണ്‍, അമേഠി, ഗൗരിഗഞ്ജ്, ജഗ്ദീഷ്പൂര്‍, തിലോയ് എന്നിവിടങ്ങളിലെ ബൂത്ത് പ്രസിഡന്റുമാരുമായും കൂടിക്കാഴ്ച നടത്തി.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. അദ്ദേഹത്തോടൊപ്പം അമേഠിയിലെ പ്രതിനിധി ചന്ദ്രകാന്ത് ദുബേ, ജില്ലാ പ്രസിഡന്റ് യോഗേന്ദ്ര മിശ്ര എന്നിവരും രാജിവച്ചിരുന്നു. ‘കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍, 2019ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിന് ഞാന്‍ ഉത്തരവാദിയാണ്. പാര്‍ട്ടിയുടെ ഭാവി വളര്‍ച്ചയ്ക്ക് ഉത്തരവാദിത്തം എന്നത് നിര്‍ണായകമാണ്. ഇക്കാരണത്താലാണ് ഞാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്,’ രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞു.
Read Also: രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചു; കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി
കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ 52,000ത്തിലധികം വോട്ടുകള്‍ക്കാണ് രാഹുൽ ഗാന്ധി പരാജയപ്പെട്ടത്. ബിജെപിയുടെ സ്മൃതി ഇറാനിയാണ് രാഹുലിനെ വീഴ്ത്തിയത്. 2004 മുതൽ രാഹുൽ ഗാന്ധിയാണ് അമേഠി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയത്. 2014 ലെ തിരഞ്ഞെടുപ്പിലും സ്മൃതി ഇറാനിയായിരുന്നു രാഹുലിന്റെ എതിരാളി. എന്നാൽ, ഒന്നരലക്ഷത്തോളം വോട്ടുകൾക്ക് രാഹുൽ ജയിക്കുകയായിരുന്നു. ഇത്തവണ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. അമേഠിയിൽ പരാജയം രുചിച്ചപ്പോൾ കേരളത്തിലെ വയനാട് മണ്ഡലത്തിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി ലോക്സഭയിലെത്തുകയായിരുന്നു.
കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് അമേഠിയിലെ രാഹുലിന്റെ പരാജയം. കഴിഞ്ഞ തവണ വലിയ രീതിയില്‍ കോണ്‍ഗ്രസിന്റെ ലീഡ് കുറച്ച സ്മൃതി ഇറാനി ഇത്തവണ വിജയം സ്വന്തമാക്കുകയായിരുന്നു. ബിഎസ്പി എസ്പി സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ തന്നെ വലിയ രീതിയില്‍ രാഹുല്‍ പരാജയപ്പെടുകയായിരുന്നു. ആകെ 27 സ്ഥാനാര്‍ഥികളാണ് അമേഠിയില്‍ നിന്ന് ജനവിധി തേടിയത്.