ന്യൂഡൽഹി: രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദിയല്ല, ആർഎസ്എസ് തലവൻ മോഹൻ ഭാഗവതാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ന്യൂനപക്ഷ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഈ തിരഞ്ഞെടുപ്പ് നടക്കുന്നത് ഭരണഘടനയുടെ മുകളിലാണ്. നാഗ്‌പുരിൽ നിന്ന് രാജ്യത്തെ നിയന്ത്രിക്കാനാണ് അവരുടെ ശ്രമം. നരേന്ദ്ര മോദി മുഖം മാത്രമാണ്. മോഹൻ ഭാഗവതാണ് റിമോട്ട് കൺട്രോൾ,” അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ന്യൂനപക്ഷ കൺവൻഷൻ സംഘടിപ്പിച്ചത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുകയാണെങ്കിൽ മോദി സർക്കാർ പാസാക്കിയ മുത്തലാഖ് നിയമം പിൻവലിക്കുമെന്ന് മഹിളാ കോൺഗ്രസ് നേതാവ് സുഷ്‌മിതാ സെൻ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ പ്രഖ്യാപിച്ചു.

“മുത്തലാഖ് നിയമത്തിലൂടെ മുസ്ലിം സ്ത്രീകളെ മുസ്ലിം പുരുഷന്മാരോട് പോരടിപ്പിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ ചെയ്തത്. മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനാണ് ബില്ലെന്നാണ് പലരും ഞങ്ങളോട് പറഞ്ഞത്. എന്നാൽ മുസ്ലിം പുരുഷന്മാരെ ജയിലിലിടാൻ വേണ്ടി മോദി സർക്കാർ അവതരിപ്പിച്ച ആയുധമാണിത്. രാജ്യത്തെ കോടിക്കണക്കിന് വരുന്ന മുസ്ലിം സ്ത്രീകൾ ബില്ലിനെതിരെ പ്രചാരണം തുടങ്ങിയതും ഒപ്പിട്ട് കത്തുകളയച്ചതും തന്നെ സന്തോഷിപ്പിച്ചു. 2019 ൽ കോൺഗ്രസ് അധികാരത്തിലെത്തിയാലുടൻ മുത്തലാഖ് ബിൽ പിൻവലിക്കും,” സുഷ്‌മിത സെൻ പ്രഖ്യാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook