ന്യൂഡൽഹി: കോൺഗ്രസ് മുഖ്യമന്ത്രിമാർ വനിതാ ബില്ലിനെ പിന്തുണയ്ക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരിക്കുന്നതും സഖ്യം രൂപികരിച്ചിരിക്കുന്നതുമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് ഇത് ചൂണ്ടികാട്ടി രാഹുൽ ഗാന്ധി കത്തയച്ചത്. നിയമസഭകളിലേക്കും ലോക്സഭയിലേക്കും വനിതകൾക്ക് മൂന്നിൽ ഒന്ന് സംവരണം അവശ്യപ്പെടുന്നതാണ് വനിത ബിൽ.

“വനിതാ ബിൽ പാസാക്കുന്നതിന് നമ്മുടെ പിന്തുണ വളരെ അനിവാര്യമാണ്. അതിനായി സംസ്ഥാനങ്ങൾ അടുത്ത നിയമസഭ സമ്മേളനത്തിൽ വനിതാ ബില്ലിനെ പിന്തുണയ്ക്കുന്ന പ്രമേയം പാസാക്കണം.”രാഹുൽ കത്തിൽ പറഞ്ഞു.

ലോകത്തെ 193 രാജ്യങ്ങളിലെ പാര്‍ലമെന്റുകളുടെ സ്ത്രീ സാന്നിധ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ 148-ാം സ്ഥാനത്താണ്. സംസ്ഥാന അസംബ്ലികളില്‍ സ്ഥിതി ഇതിനേക്കാള്‍ വഷളാണെന്നും രാഹുൽ കത്തില്‍ പറയുന്നു.

രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്തത് ജനാധിപത്യത്തെ ദുര്‍ബലമാക്കുകയും വ്യവസ്ഥാപിത അനീതികള്‍ നിലനിര്‍ത്തുകയും ചെയ്യും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സാന്നിധ്യം നല്ല വനിതാ നേതാക്കളെ സൃഷ്ടിക്കാന്‍ ഉപകരിച്ചുവെന്ന് മാത്രമല്ല നിലനിന്നിരുന്ന പരമ്പരാഗതമായ ലിംഗഭാവങ്ങളെ പൊതുസമൂഹത്തില്‍ വെല്ലുവിളിക്കാന്‍ അവര്‍ക്കായെന്നും രാഹുൽ കത്തില്‍ വ്യക്തമാക്കുന്നു.

രാജ്യസഭയിൽ 2010ൽ ബിൽ പാസായെങ്കിലും 2014ൽ ലോക്സഭ പിരിച്ചുവിട്ടതിനാൽ ബിൽ പാസായിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook