ന്യൂഡൽഹി: NEET, JEE പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്യാര്‍ത്ഥികള്‍ക്കിപ്പോള്‍ പരീക്ഷ ചര്‍ച്ചയാണ് ആവശ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മറുപടിയായിട്ടാണ് രാഹുൽ ആഞ്ഞടിച്ചിരിക്കുന്നത്.
“പ്രധാനമന്ത്രി പരീക്ഷയുമായി ബന്ധപ്പെട്ട ചർച്ച നടത്തണമെന്നാണ് നീറ്റ് ജെഇഇ പരീക്ഷാർഥികൾ ആവശ്യപ്പെടുന്നത്, എന്നാൽ പ്രധാനമന്ത്രി കളിപ്പാട്ടത്തെ കുറിച്ചുള്ള ചർച്ചയാണ് നടത്തുന്നത്.” രാഹുൽ ഗാന്ധി ട്വിറ്ററി കുറിച്ചു.
കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാരിനുണ്ടായ പരാജയം മറച്ചുവെക്കാന്‍ JEE, NEET വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളെയടക്കം കേള്‍ക്കുകയും സമവായത്തില്‍ എത്തുകയും വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
കോവിഡ്-19 സാഹചര്യം കണക്കിലെടുത്ത് നീറ്റ്, ജെഇഇ എന്നിവയുൾപ്പെടെ വിവിധ പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. 10, 12 ക്ലാസുകളിലെ സിബിഎസ്ഇ കമ്പാർട്ട്മെന്റ് പരീക്ഷകൾ റദ്ദാക്കണമെന്നും പ്രവേശന പരീക്ഷകളായ യുജിസി-നെറ്റ്, ക്ലാറ്റ്, നീറ്റ്, ജെഇഇ എന്നിവ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട്, 4,200-ലധികം കുട്ടികൾ തങ്ങളുടെ വീടുകളിൽ കഴിഞ്ഞ ദിവസം പകൽ നിരാഹാര സമരം നടത്തിയിരുന്നു.
സെപ്റ്റംബർ ഒന്ന് മുതൽ തുടങ്ങിനിരിക്കുന്ന ജെഇഇ മെയിൻ പരീക്ഷയുടെ അഡ്മിന്റ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഇതിനകം റിലീസ് ചെയ്തു കഴിഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം മൊത്തം 8,58,273 കുട്ടികൾ ജെഇഇ മെയിനിനായും, 16 ലക്ഷത്തോളം നീറ്റിനായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പകർച്ചവ്യാധികൾക്കിടയിൽ ഇത്രയധികം വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തുന്നതിൽ ആശങ്ക ഉയർന്നിട്ടുണ്ട്.