ന്യൂഡല്‍ഹി: ‘മോദി’ പരാമര്‍ശത്തില്‍ രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ ഗാന്ധി. രാഹുലിന്റെ ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
2019-ലെ കേസിലാണ് മാര്‍ച്ച് 23-ാം തീയതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വെര്‍മ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2019 ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ടെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ശിക്ഷാവിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്സഭ അംഗത്വവും റദ്ദാക്കിയിരുന്നു.
ശിക്ഷാവിധിക്ക് പിന്നാലെ 15,000 രൂപയുടെ ജാമ്യത്തിൽ രാഹുലിന് ജാമ്യം നല്‍കുകയും 30 ദിവസത്തേക്ക് അറസ്റ്റ് തടയുകയും ചെയ്തിരുന്നു. മേല്‍ക്കോടതിയെ സമീപിക്കുന്നതിനായാണ് രാഹുലിന് 30 ദിവസത്തെ സമയം അനുവദിച്ചത്.
ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി കൊടുത്തത്. ഇതേ പരാമര്‍ശത്തില്‍ സുശീല്‍ കുമാര്‍ മോദി എന്നൊരാളും രാഹുലിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ 12-ന് മുന്‍പ് ഹാജരാകാനാണ് പാട്ന കോടതി രാഹുലിനോട് നിര്‍ദേശിച്ചിരിക്കുന്നത്.