ന്യൂഡൽഹി: രാഹുൽ ഗാന്ധിയും ടുക്ഡെ ടുക്ഡെ ഗാങ്ങും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും ചേർന്ന് രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഡൽഹിയിലെ അക്രമങ്ങൾക്കുകാരണം കോൺഗ്രസാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തിനുപിന്നാലെയാണ് ഗിരിരാജ് സിങ്ങിന്റെ പരാമർശം.
”മുഗളന്മാർക്കും ബ്രിട്ടീഷുകാർക്കും ചെയ്യാൻ കഴിയാത്തത് രാഹുൽ ഗാന്ധിയും കോൺഗ്രസും ടുക്ഡെ ടുക്ഡെ ഗാങ്ങും ഒവൈസിയും ചേർന്ന് ചെയ്യാൻ ശ്രമിക്കുകയാണ്. ഇന്ത്യ വിഭജിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ ആഭ്യന്തര യുദ്ധം നടക്കണമെന്നതാണ് അവരുടെ ആവശ്യം,” ഗിരിരാജ് സിങ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
Read Also: പൗരത്വ നിയമം: അക്രമങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷമെന്ന് അമിത് ഷാ
പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പ്രതിപക്ഷം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും ഡല്‍ഹിയിലെ അക്രമങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷമാണെന്നുമാണും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇതേ ആരോപണവുമായി മന്ത്രി ഗിരിരാജ് സിങ്ങും രംഗത്തെത്തിയത്.
”കോണ്‍ഗ്രസ് നയിക്കുന്ന ടുക്ഡെ-ടുക്ഡെ ഗാങ്ങാ(ഭിന്നിപ്പ് സംഘം)ണു ഡല്‍ഹിയിലെ സമാധാനാന്തരീക്ഷം നശിപ്പിക്കുന്നതിന്റെ ഉത്തരവാദികള്‍. ഇവരെ ശിക്ഷിക്കാനുള്ള സമയം വന്നിരിക്കുകയാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ അതു ചെയ്യണം,” എന്നാണ് അമിത് ഷാ പറഞ്ഞത്.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ ചർച്ച ചെയ്തിരുന്നു. അപ്പോൾ ആരും (പ്രതിപക്ഷ പാർട്ടികൾ) ഒന്നും പറഞ്ഞില്ല. പുറത്തുവന്നശേഷം (പാർലമെന്റ്), അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ തുടങ്ങിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി.