ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രചാരണത്തിനിടയിൽ രാഹുൽ ഗാന്ധിയുടെ കഴുത്തിൽ പൂമാല വീഴുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ജനക്കൂട്ടത്തിനിടയിൽനിന്നും ഒരാൾ എറിഞ്ഞ പൂമാലയാണ് രാഹുലിന്റെ കഴുത്തിൽ ചെന്നുവീണത്.

കോൺഗ്രസ് കർണാടക യൂണിറ്റ് സെക്രട്ടറി റക്ഷിത് ശിവറാം ആണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കർണാടകയിലെ തുംകൂറിൽ തുറന്ന എസ്‌യുവിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ. ഇതിനിടയിൽ ജനക്കൂട്ടത്തിനിടയിൽനിന്ന ഒരാൾ പൂമാല രാഹുലിനു നേർക്ക് എറിഞ്ഞു. കൃത്യമായി രാഹുലിന്റെ കഴുത്തിൽ തന്നെ പൂമാല ചെന്നു വീണു.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് പലരും അമ്പരന്നിരിക്കുകയാണ്. അതേസമയം, വീഡിയോ രാഹുലിന്റെ സുരക്ഷയെക്കുറിച്ചും ആശങ്ക ഉയർത്തുന്നുണ്ട്. 47 കാരനായ രാഹുലിന്റെ ജീവിതം കനത്ത സുരക്ഷയിലാണ്. രാഹുലിനു ചുറ്റും എപ്പോഴും സ്‌പെഷൽ കമാൻഡോഴ്സ് ഉണ്ട്. ഇന്ത്യയിൽ കനത്ത സുരക്ഷയിലുളള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് രാഹുൽ.

രാഷ്ട്രീയ നേതാക്കൾക്കുമേൽ പൂമാലയിലും ഷൂസിലും സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ച് എറിഞ്ഞ സംഭവങ്ങൾ ഇതിനു മുൻപ് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്ന വീഡിയോയുടെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതായി ചില റിപ്പോർട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook