ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പുരോഗമിക്കുന്നു. എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങള്‍ കേട്ട ശേഷമായിരിക്കും പുതിയ അധ്യക്ഷന്‍ ആരെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആകുക. രാവിലെ ആരംഭിച്ച പ്രവര്‍ത്തക സമിതി ഉച്ചയ്ക്ക് ശേഷവും തുടരുമെന്നാണ് സൂചന.

വളരെ വ്യത്യസ്തമായ രീതിയിലാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളെ ആദ്യം അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും കൂടിയാലോചനകള്‍ നടത്താന്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രത്യേക സ്ഥലങ്ങള്‍ അനുവദിച്ചു.

ഗ്രൂപ്പുകള്‍ തിരിച്ചുള്ള ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഈ ചര്‍ച്ചയില്‍ നിന്ന് വരുന്ന തീരുമാനങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം. പ്രവര്‍ത്തക സമിതി യോഗം നടക്കവെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യോഗത്തില്‍ നിന്ന് ഇറങ്ങി പോയി. അധ്യക്ഷ സ്ഥാനത്ത് മുന്‍പ് ഉണ്ടായിരുന്നതിനാലാണ് ഇരുവരും ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത്. മുന്‍ പ്രസിഡന്റുമാര്‍ ആയതിനാല്‍ ഇരുവര്‍ക്കും അന്തിമ തീരുമാനമെടുക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പറ്റില്ല.

Read Also: ഫാന്‍സിന്റെ ‘അസഭ്യവർഷം’; ജൂറി ചെയര്‍മാനോട് മാപ്പ് പറഞ്ഞ് മമ്മൂട്ടി

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സ്വന്തം ഇഷ്ടപ്രകാരമാണ് യോഗത്തില്‍ നിന്ന് ഇറങ്ങി പോയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ജനാധിപത്യപരമായ രീതിയില്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും എല്ലാവരുടെ അഭിപ്രായം കേട്ട ശേഷമായിരിക്കണം തീരുമാനമെന്നും ഉള്ളതുകൊണ്ടാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചര്‍ച്ചകളുടെ ഭാഗമാകാതെ ഇറങ്ങി പോയതെന്ന് സുര്‍ജേവാല പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ രാജിക്കത്ത് പ്രവര്‍ത്തക സമിതി ഇപ്പോള്‍ പരിഗണിക്കുകയാണ്. രാഹുല്‍ നല്‍കിയ രാജിക്കത്ത് വര്‍ക്കിങ് കമ്മിറ്റി ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇന്ന് വൈകീട്ടോടെയായിരിക്കും പുതിയ അധ്യക്ഷന്‍ ആരെന്ന് അറിയുക. രാഹുല്‍ ഗാന്ധിയുടെ രാജിക്കത്ത് ഔദ്യോഗികമായി സ്വീകരിച്ച ശേഷമായിരിക്കും പുതിയ അധ്യക്ഷന്‍ ആരാണെന്ന് തീരുമാനിക്കുക. മുകള്‍ വാസ്‌നികിനാണ് സാധ്യത കല്‍പ്പിക്കുന്നത്.

രാഹുൽ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് പ്രവർത്തക സമിതി ആവർത്തിക്കുന്നത്. ഇന്നത്തെ യോഗത്തിലും രാഹുലിനോട് വർക്കിങ് കമ്മിറ്റി ഇതേ ആവശ്യം ഉന്നയിച്ചു. രാഹുൽ ഗാന്ധി തുടരണമെന്ന് എല്ലാവരും ഒന്നിച്ച് ആവശ്യപ്പെട്ടു. ഇപ്പോഴും രാഹുലിനോട് തുടരാൻ ആവശ്യപ്പെടുകയാണ് വർക്കിങ് കമ്മിറ്റി. എന്നാൽ, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook