ന്യൂഡൽഹി : ലോക്‌സഭ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെതിരെ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ശനിയാഴ്ച ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ വിമർശനം ഉയർത്തിയത്. അശോക് ഗെലോട്ടും, കമൽനാഥും പി.ചിദംബരവും പാർട്ടി കാര്യത്തേക്കാൾ മക്കൾക്ക് സീറ്റ് ഉറപ്പിക്കുന്നതിനാണ് ശ്രമിച്ചതെന്ന് രാഹുൽ പറഞ്ഞു.

“രാജസ്ഥാനിൽ അശോക് ഗെലോട്ടും, മധ്യപ്രദേശിൽ കമൽനാഥും സ്വന്തം മക്കൾക്ക് സീറ്റുറപ്പിക്കുന്നതിലും അവരെ ജയിപ്പിക്കുന്നതിലും മാത്രമാണ് ശ്രദ്ധിച്ചത്. തനിക്ക് അവർക്ക് സീറ്റ് നൽകുന്നതിൽ വലിയ താത്പര്യമുണ്ടായിരുന്നില്ലെന്ന് അറിഞ്ഞിട്ട് പോലും സീറ്റ് വേണമെന്ന് നിർബന്ധം പിടിച്ചു. തമിഴ്‍നാട്ടിൽ ശിവഗംഗ സീറ്റ് മകൻ കാർത്തി ചിദംബരത്തിന് കൊടുക്കണമെന്ന് പി ചിദംബരവും വാശി പിടിച്ചു,” രാഹുൽ പറഞ്ഞു.
ഈ മുതിർന്ന നേതാക്കളെല്ലാം രാജി ഭീഷണി മുഴക്കിയെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പ്രാദേശിക തലത്തിൽ കോൺഗ്രസിന് ശക്തരായ നേതാക്കളെ വേണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ എഴുന്നേറ്റ് നിന്ന് സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുലിന്‍റെ വിമർശനം. താൻ ഉയർത്തികാട്ടിയ പ്രചരണ വിഷയങ്ങളൊന്നും താഴേതട്ടിൽ ഉപയോഗിക്കാൻ നേതാക്കൾക്ക് സാധിച്ചില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.

പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിസന്നദ്ധത അറിയിച്ചു. എന്നാൽ യോഗം രാഹുലിന്റെ രാജി തള്ളി. മുതിർന്ന കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയാണ് ഇക്കാര്യം അറിയിച്ചത്. അധ്യക്ഷ സ്ഥാനത്ത് തുടരാൻ യോഗം രാഹുലിനോട് ആവശ്യപ്പെടുകയായിരുന്നു. സംഘടന നേതൃത്വത്തിൽ വലിയ അഴിച്ച് പണി നടത്താനും രാഹുലിന് പ്രവർത്തക സമിതി അനുമതി നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook