ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണവും ഇന്ധനവിലയും വർധിക്കുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഇളവ് നൽകിയതുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് രാഹുലിന്റെ പരിഹാസം.

Also Read: എറണാകുളത്ത് ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ്; പ്രതിരോധ കുത്തിവയ്‌പെടുത്ത കുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍

മോദി സർക്കാർ അൺലോക്ക് ചെയ്തത് കോവിഡ്-19ന്റെ വ്യാപനവും പെട്രോൾ – ഡീസൽ വില വർധനവുമാണെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. കൊറോണ കേസുകൾ, ഇന്ധനവില എന്നീ കണക്കുകൾ വ്യക്തമാക്കുന്ന ഡാറ്റ കൂടി ഉൾക്കൊള്ളുന്നതാണ് രാഹുലിന്റെ ട്വീറ്റ്. അൺലോക്ക് 1.0 നിലവിൽ വന്ന ജൂൺ ഒന്ന് മുതൽ ഇന്ധനവിലയും കൊറോണ കേസുകളും അനിയന്ത്രിതമായി വർധിക്കുന്നതായി ഡയഗ്രത്തിൽ വ്യക്തമാണ്.

അതേസമയം, രാജ്യത്ത് തുടർച്ചയായി 18-ാം ദിവസവും ഇന്ധനവിലയിൽ വർധനവ് രേഖപ്പെടുത്തി. ഡീസൽ വില മാത്രമാണ് ഇന്നു വർധിച്ചത്. പെട്രോൾ വിലയിൽ മാറ്റമില്ല. ഡീസലിനു 45 പെെസയാണ് ഇന്ന് വർധിച്ചത്. ജൂൺ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില ഉയരാൻ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ക്രൂഡ് ഓയിലിനു വില ഇടിഞ്ഞപ്പോഴും ഇന്ധനവില കുതിക്കുകയാണ്. കഴിഞ്ഞ 18 ദിവസത്തിനിടെ രാജ്യത്ത് പെട്രോളിനു പത്ത് രൂപയ്‌ക്കടുത്ത് വർധിച്ചു. ഡീസലിനും അത്ര തന്നെ വില വർധനവുണ്ടായി. സാധാരണക്കാരെ നട്ടംതിരിക്കുന്നതാണ് ഇപ്പോഴത്തെ ഇന്ധനവില വർധനവ്.

Also Read: ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ യുഎസിൽ മരിച്ച നിലയിൽ; മൃതദേഹം നീന്തൽക്കുളത്തിൽ

കോവിഡ് കേസുകളുടെ എണ്ണത്തിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,968 കോവിഡ് രോഗികൾ. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരമാണിത്. ദിനംപ്രതി രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. രോഗികളുടെ എണ്ണം അതിവേഗം വർധിക്കുമ്പോഴും മരണനിരക്ക് പിടിച്ചുനിർത്താൻ സാധിക്കുന്നത് ഇന്ത്യയ്‌ക്ക് ആശ്വാസകരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 465 ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook