ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ തകര്‍ത്ത നോട്ട് നിരോധനമെന്ന ഭീകരാക്രമണം നടന്നിട്ടു മൂന്ന് വര്‍ഷമായെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. “നോട്ട് നിരോധനം നിരവധി ജീവനുകളെടുത്തു, ലക്ഷക്കണക്കിനു ചെറുകിട വ്യവസായ സംരഭങ്ങളെ തുടച്ചുനീക്കി, നിരവധി ഇന്ത്യക്കാരെ തൊഴില്‍രഹിതരാക്കി”-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഈ ആക്രമണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രിയങ്ക ഗാന്ധിയും നോട്ട് നിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു. എല്ലാ തിന്മകളിലും വച്ച് ഏറ്റവും പൈശാചികമായ തിന്മയായിരുന്നു നോട്ട് നിരോധനമെന്ന് പ്രിയങ്ക പറഞ്ഞു. നോട്ട് നിരോധനം വന്‍ ദുരന്തമായിരുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ തകര്‍ത്തു കളഞ്ഞ ഏറ്റവും പൈശാചികമായ നടപടിയായിരുന്നു നോട്ട് നിരോധനമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

അതേസമയം, രാജ്യത്ത് 2,000 രൂപ നോട്ടുകൾ നിരോധിച്ചേക്കാമെന്ന് കേന്ദ്ര മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറഞ്ഞു. ഇക്കാര്യത്തിൽ യാതൊരു പ്രയാസവും നിലനിൽക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  2,000 രൂപ കറൻസി നോട്ടുകളിൽ നല്ലൊരു ഭാഗം നോട്ടുകളും പൂഴ്ത്തിവച്ചിരിക്കുന്നതിനാൽ യഥാർഥത്തിൽ ഇവ പ്രചാരത്തിലില്ല. അതിനാൽ നിലവിൽ 2000 രൂപ നോട്ട് ഇടപാടുകൾക്കായി ഉപയോഗിക്കുന്നില്ലെന്നും യാതൊരു തടസവുമില്ലാതെ ഇത് നിരോധിക്കാമെന്നും ഗാർഗ് പറഞ്ഞു.

Read Also: നോട്ട് നിരോധനം: പ്രതിസന്ധി മാറാതെ കറന്‍സി അച്ചടി മേഖല

പൊതുമേഖലാ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കുക, സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുക, റിസർവ് ബാങ്കിനുപകരം സ്വന്തം കടം സർക്കാർ സ്വയം കൈകാര്യം ചെയ്യുക, ബജറ്റിൽപ്പെടാത്ത വായ്പ നിർത്തലാക്കുക, 2,000 രൂപ നോട്ടുകൾ പിൻവലിക്കുക എന്നിവയാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച കുറിപ്പിൽ മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ ചില നിർദേശങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook