ന്യൂഡൽഹി: കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ബിജെപിയിലെ  സ്ത്രീകളെ പേടിയാണെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ. അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങളിലെ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബിജെപിയിൽ സ്ത്രീകൾ വളരെയധികം ബഹുമാനിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് നിയമസഭയിൽ ബിജെപിക്കാണ് ഏറ്റവുമധികം സ്ത്രീകൾ അംഗങ്ങളായുള്ളത്. “ബിജെപിയെയും ആർഎസ്എസിനെയും മനസിലാക്കാൻ രാഹുൽ ഗാന്ധിക്ക് ഇനിയും സമയം ആവശ്യമാണ്. അദ്ദേഹത്തിന് അതിന് ഒരു ഗവേഷണം നടത്തേണ്ടി വരും”, ഷാനവാസ് ഹുസൈൻ പറഞ്ഞു.

സ്ത്രീകൾ വാ തുറക്കുമ്പോഴെല്ലാം ആർഎസ്എസ് അവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്നാണ് ജയ് ഷായ്ക്ക് എതിരെ വാർത്ത പുറത്തെത്തിച്ച മാധ്യമപ്രവർത്തകയെ പരാമർശിച്ച് രാഹുൽ ഗാന്ധി പറഞ്ഞത്. ആർഎസ്എസിന്റെ യൂനിഫോം അണിഞ്ഞ സ്ത്രീകളെ ആരെങ്കിലും കണ്ടിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

കഴുത്തറ്റം അഴിമതിയിൽ മുങ്ങിക്കിടന്ന കോൺഗ്രസാണ് ബിജെപിയെ വിമർശിക്കുന്നതെന്നും ഷാനവാസ് ഹുസൈൻ പറഞ്ഞു. ജയ് ഷായുടെ സ്വത്തുമായി ബന്ധപ്പെട്ടുയർന്ന ആരോപണത്തിൽ അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ