scorecardresearch

ബജാജ് ഓട്ടോ മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു

ബജാജ് ഓട്ടോയുടെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ചെയര്‍മാന്‍ സ്ഥാനങ്ങൾ രാഹുല്‍ ബജാജ് കഴിഞ്ഞ വര്‍ഷാണ് ഒഴിഞ്ഞത്

ബജാജ് ഓട്ടോ മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു
ഫയൽ ഫൊട്ടോ

മുംബൈ: രാജ്യത്തെ മുന്‍നിര വ്യവസായികളില്‍ ഒരാളും ബജാജ് ഓട്ടോ മുന്‍ ചെയര്‍മാനുമായ രാഹുല്‍ ബജാജ് അന്തരിച്ചു. പത്മഭൂഷണ്‍ ജേതാവും രാജ്യസഭാ മുന്‍ എംപിയുമായിരുന്ന അദ്ദേഹത്തിന് 83 വയസായിരുന്നു.

ന്യുമോണിയയും ഹൃദയസംബന്ധമായ പ്രശ്നങ്ങളും കാരണം ഒരു മാസം മുമ്പ് പൂണെ റൂബി ഹാള്‍ ക്ലിനിക്കില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്നുച്ചയ്ക്കു 2.30നാണ് അന്തരിച്ചത്. പരേതയായ രൂപ ബജാജാണ് ഭാര്യ. രാജീവ്, ദീപ, സഞ്ജീവ്, ഷെഫാലി, സുനൈന, മനീഷ് എന്നിവരാണ് മക്കള്‍.

ബജാജ് ഓട്ടോയുടെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ചെയര്‍മാന്‍ സ്ഥാനങ്ങളില്‍നിന്ന് രാഹുല്‍ ബജാജ് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് രാഹുല്‍ ബജാജ് ഒഴിഞ്ഞത്. തുടര്‍ന്ന് കമ്പനിയുടെ എമിരറ്റ്‌സ് ചെയര്‍മാനായി മേയ് ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തേക്ക് അദ്ദേഹത്തെ നിയമിച്ചിരുന്നു. 1972 മുതല്‍ ബജാജ് ഓട്ടോയുടെയും അഞ്ച് പതിറ്റാണ്ടായി ബജാജ് ഗ്രൂപ്പിന്റെ തലപ്പത്തും അദ്ദേഹം തുടര്‍ന്നു.

Rahul Bajaj, Bajaj Auto, Rahul Bajaj dies
രാഹുൽ ബജാജ്| എക്‌സ്പ്രസ് ഫയൽ ഫൊട്ടോ

മോട്ടോര്‍ ഘടിപ്പിച്ച രണ്ട്, മൂന്ന്, നാല് ചക്ര വാഹനങ്ങളുടെ നിര്‍മാണവും വില്‍പ്പനയും, ജനറല്‍, ലൈഫ് ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ് മെന്റ് ആന്‍ഡ് കണ്‍സ്യൂമര്‍ ഫിനാന്‍സ്, വീട്ടുപകരണങ്ങള്‍, വൈദ്യുത വിളക്കുകള്‍, കാറ്റില്‍നിന്ന് വൈദ്യുതി, സ്‌പെഷല്‍ അലോയ്, സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍, െ്രമറ്റീരിയല്‍ ഹാന്‍ഡ്‌ലിംഗ് ഉപകരണങ്ങള്‍, യാത്ര തുടങ്ങിയ ബജാജ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചു.

1938 ജൂണ്‍ 10-നു ജനിച്ച രാഹുല്‍ ബജാജ് ഡല്‍ഹി സര്‍വകലാശാലയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്ന് 1958-ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദം നേടി. ബോംബെ യൂണിവേഴ്സിറ്റിയില്‍നിന്ന് നിയമത്തില്‍ ബിരുദവും ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.

രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ 2001-ല്‍ ലഭിച്ചു. വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ഓണററി ഡോക്ടറേറ്റ് എന്നിവയുള്‍പ്പെടെ മറ്റു നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2006-2010 കാലയളവില്‍ രാജ്യസഭാ അംഗമായി സേവനമനുഷ്ഠിച്ചു. 1979-80, 1999-2000 എന്നീ രണ്ട് കാലയളവില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) ചെയര്‍മാനായിരുന്നു.

രാഹുൽ ബജാജ്| ഫയൽ ഫൊട്ടോ

ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെയും മുന്‍ ചെയര്‍മാനായിരുന്നു. ഇന്റര്‍നാഷണല്‍ ബിസിനസ് കൗണ്‍സില്‍, വേള്‍ഡ് ഇക്കണോമിക് ഫോറം എന്നിവയുടെയും ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിച്ചു. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ സൗത്ത് ഏഷ്യ അഡൈ്വസറി ബോര്‍ഡ് മുന്‍ അംഗം, വാഷിങ്ടണ്‍ ഡിസിയിലെ ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്റെ ഇന്റര്‍നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ മുന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ബജാജ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെയും ജംനാലാല്‍ ബജാജ് ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള ചാരിറ്റബിള്‍ ട്രസ്റ്റുകളുടെയും സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കും രാഹുല്‍ ബജാജ് നേതൃത്വം നല്‍കി.

രാജ്യത്തെ ഏറ്റവും പഴയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ബജാജ് ഗ്രൂപ്പിന് 25 കമ്പനികളുണ്ട്. ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഇലക്ട്രിക്കല്‍സ്, മുകന്ദ്്, ബജാജ് അലയന്‍സ് എന്നിവയിലുള്‍പ്പെടെ 36,000 ജീവനക്കാരുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rahul bajaj former chairman bajaj auto dies