ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തിന്റെ കാവല്ക്കാരന് കള്ളനായി മാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഫ്രാന്‍സുമായി ചേര്‍ന്ന് നടത്തുന്ന റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ തിരിച്ചെത്തിക്കാത്ത മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ദുന്ഗപൂര് ജില്ലയിലെ സഗ്വാരയില്‍ ഇലക്ഷനു മുന്നോടിയായുള്ള റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
1980കളില്‍ ബൊഫോഴ്സ് കുംഭകോണക്കേസില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും ഉപയോഗിച്ചിരുന്നതും ഇതേ വാക്യങ്ങളായിരുന്നു. രാജ്യത്തിന്റെ കാവല്ക്കാരന് കള്ളനാണ് എന്നു പറഞ്ഞാണ് രാജീവ് ഗാന്ധിയെ ആക്രമിച്ചിരുന്നത്.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും നല്‍കിയിരുന്നുവെന്നും എന്നാല്‍ മോദി സര്‍ക്കാര്‍ തുടങ്ങിവയ്ക്കുന്ന പദ്ധതികളെല്ലാം കുറച്ച് പേര്‍ക്ക് മാത്രം ഗുണം ലഭിക്കുന്നതാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
കൂടാതെ അച്ചാ ദിന്, ജിഎസ്ടി എന്നിവയ്ക്കെതിരെയും രാഹുല്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. രാജ്യത്തെ സമ്പന്നരായവര്‍ക്ക് മാത്രമാണ് അച്ചാ ദിന് വന്നതെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗബ്ബര്‍സിങ് ടാക്സ് ജിഎസ്ടിയിലേക്ക് മാറ്റുമെന്നും അദ്ദേഹം പരിഹസിച്ചു.
15 വ്യവസായികള്‍ക്ക് നല്കിയ 1,50,000 കോടി രൂപയുടെ ലോണ്‍ എഴുതി തള്ളാന്‍ പ്രധാനമന്ത്രിക്ക് കഴിയുമെങ്കില്‍ എന്തുകൊണ്ട് കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിക്കൂടായെന്നും രാഹുല്‍ ചോദിച്ചു.