ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവം കഴിഞ്ഞ ഒരാഴ്ച പിന്നിട്ടപ്പോള്‍ മോദി സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയേയും അനില്‍ അംബാനിയേയും പരാമര്‍ശിച്ചു കൊണ്ടായിരുന്നു രാഹുല്‍ ആഞ്ഞടിച്ചത്.

”ധീരര്‍ രക്തസാക്ഷികളായി. അവരുടെ കുടുംബങ്ങള്‍ കഷ്ടപ്പെടുകയാണ്. 40 ജവാന്മാര്‍ രാജ്യത്തിനായി ജീവന്‍ നല്‍കി. പക്ഷെ അവര്‍ക്ക് രക്തസാക്ഷിത്വം നിഷേധിച്ചു. ഈ മനുഷ്യന്‍ എന്നും എടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ, ഒന്നും നല്‍കിയിട്ടില്ല. അവരുടെ 30000 കോടി അദ്ദേഹം സുഹൃത്തിന് സമ്മാനമായി നല്‍കി. സന്തോഷത്തോടെ ജീവിക്കും. മോദിയുടെ പുതിയ ഇന്ത്യയിലേക്ക് സ്വാഗതം” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

പുല്‍വാമ ആക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷൂട്ടിങ്ങിലായിരുന്നുവെന്നും ലോകത്തില്‍ എവിടെയെങ്കിലും ഇങ്ങനെയൊരു പ്രധാനമന്ത്രിയെ കാണാന്‍ കഴിയുമോയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ രാജ്യം വിലപിക്കുമ്പോള്‍ കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ ഷൂട്ടിലായിരുന്നു പ്രധാനമന്ത്രി. വൈകുന്നേരം 3.10 മുതല്‍ 6.40 വരെ അദ്ദേഹം ഷൂട്ടിലായിരുന്നു. ആക്രമണ വിവരം അറിഞ്ഞിട്ടും മണിക്കൂറുകളോളം അദ്ദേഹം ഷൂട്ടിങ് തുടര്‍ന്നു. അതിനുശേഷം ഡിസ്‌കവറി ചാനലിന്റെ ക്യാമറാമാന്‍ അടക്കമുളള അംഗങ്ങള്‍ക്കൊപ്പം ബോട്ട് യാത്ര നടത്തിയെന്നും സുര്‍ജേവാല ആരോപിച്ചു. ആ സമയത്തെ ചിത്രവും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. താങ്കള്‍ ഹോളിവുഡ്, ബോളിവുഡ് താരമാണോ, അതോ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണോയെന്നും അദ്ദേഹം ചോദിച്ചു.

ഭീകരാക്രമണം അറിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കകം കോണ്‍ഗ്രസ് പ്രതികരിച്ചു. പക്ഷേ പ്രധാനമന്ത്രി പ്രതികരിച്ചില്ല. അദ്ദേഹം മന്ത്രിസഭാ സമിതി വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നതിനുപകരം ഷൂട്ടിലായിരുന്നു. രാജ്യം കരയുമ്പോള്‍ അദ്ദേഹം ഫോട്ടോകള്‍ക്ക് പോസ് ചെയ്യുകയായിരുന്നു. രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചില്ല. കാരണം അദ്ദേഹം തന്റെ പൊതുപരിപാടികള്‍ റദ്ദ് ചെയ്യാന്‍ ആഗ്രഹിച്ചില്ലെന്നും സുര്‍ജേവാല പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ