ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന മുൻ ധനകാര്യമന്ത്രി പി.ചിദംബരത്തെ കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധിയും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും സന്ദർശിച്ചു. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും ഇവർക്കൊപ്പമുണ്ടായിരുന്നു. ”രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്നു രാവിലെ ജയിലിലെത്തി പിതാവിനെ കണ്ടു. കോൺഗ്രസ് പാർട്ടി അദ്ദേഹത്തിനൊപ്പമുണ്ടെന്നതിനുളള ശക്തമായ സന്ദേശമാണിത്. 50 മിനിറ്റോളം ഇരുവരും അവിടെ ചെലവഴിച്ചു” കാർത്തി ചിദംബരം പറഞ്ഞു.
തന്റെ പിതാവിന് സുപ്രീം കോടതിയിൽനിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയും കാർത്തി പങ്കുവച്ചു. കഴിഞ്ഞ 99 ദിവസമായി തന്റെ പിതാവ് ജയിലിലാണെന്നും കാർത്തി പറഞ്ഞു. രണ്ടു ദിവസം മുൻപ് കോൺഗ്രസ് നേതാവ് ശശി തരൂരും ജയിലിലെത്തി ചിദംബരത്തെ കണ്ടിരുന്നു. കാർത്തി ചിദംബരത്തിനൊപ്പമാണ് ശശി തരൂർ എത്തിയത്.
ഓഗസ്റ്റ് 21 നാണ് അഴിമതി കേസിൽ സിബിഐ സംഘം ചിദംബരത്തെ അറസ്റ്റ് ചെയ്തത്. പിറ്റേ ദിവസം തന്നെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ 5 ന് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റി. ഇതിനുശേഷം പലതവണ ചിദംബരത്തിന്റെ ജുഡീഷ്യൽ കാലാവധി നീട്ടി. തിഹാറിലെ ഏഴാം ജയിലിലാണ് ചിദംബരമിപ്പോൾ ഉള്ളത്. രണ്ടാം വാര്‍ഡ് സെല്‍ നമ്പര്‍ ഏഴില്‍ പ്രത്യേക സുരക്ഷയോടെയാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയായതിനാലും പ്രത്യേക സുരക്ഷ കണക്കിലെടുത്തും ഇസഡ് കാറ്റഗറി സുരക്ഷയാണ് ചിദംബരത്തിനുള്ളത്. കുടുംബാംഗങ്ങള്‍ അടക്കം ദിവസത്തില്‍ 10 പേര്‍ക്ക് ചിദംബരത്തെ ദിവസവും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്.
Read Also: ജയിലില്‍ തലയിണയോ കസേരയോ ഇല്ല; നടുവേദനയുണ്ടെന്ന് ചിദംബരം
കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎൻഎസ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസിൽ പ്രതിയായ കാർത്തി ചിദംബരത്തിന്റെ താത്പര്യപ്രകാരമാണ് അച്ഛനായ ചിദംബരം ഇതിൽ ഇടപെട്ടത്.
ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ച ഉത്തരവിനെതിരെ പി.ചിദംബരം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ചിദംബരത്തിന്റെ ജാമ്യാപേക്ഷ തളളിയ ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. നവംബർ 27 നാണ് ചിദംബരത്തിന്റെ ജുഡീഷ്യൽ കാലാവധി കഴിയുക.