വാഷിങ്‌ടൺ: കഴിഞ്ഞ വർഷം ഇന്ത്യയുടെ സമ്പദ് വളർച്ചയെ പുറകോട്ട് വലിച്ചത് നോട്ട് നിരോധനവും ജിഎസ്‌ടിയും ആണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. ഇപ്പോഴത്തെ ഏഴ് ശതമാനം വളർച്ച നിരക്ക് രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2012 ന് ശേഷം നാല് വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ വൻ വളർച്ചയുടെ പാതയിലായിരുന്നുവെന്നും എന്നാൽ ഈ സർക്കാറിന്റെ നയങ്ങൾ വളർച്ചയെ പിന്നോട്ട് വലിച്ചെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിൽ കുതിക്കുമ്പോഴാണ് ഇന്ത്യയുടെ വളർച്ച നിരക്ക് താഴേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഏഴ് ശതമാനം വളർച്ച കൊണ്ടൊന്നും ഇന്ത്യയുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകില്ല. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്.

“2017 ൽ ലോകം വളർച്ച രേഖപ്പെടുത്തിയപ്പോൾ ഇന്ത്യ താഴേക്ക് പോയി. അതിൽ നിന്ന് തന്നെ നോട്ട് നിരോധനവും ജിഎസ്‌ടിയും എങ്ങിനെയാണ് ബാധിച്ചതെന്ന് വ്യക്തമാണ്.

ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക വളർച്ച എണ്ണ വില വർദ്ധനവിലൂടെ നേടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വളർച്ച രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ കുറച്ചുകൂടി സമയമെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് 2016 നവംബര്‍ എട്ടിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് നാല് മണിക്കൂറുകള്‍ മുമ്പ്, ഈ തീരുമാനത്തെ അംഗീകരിക്കുന്നതോടൊപ്പം തന്നെ രണ്ട് കാര്യങ്ങളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്. നോട്ട് നിരോധനത്തെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രം പറഞ്ഞ രണ്ട് കാര്യങ്ങള്‍, കള്ളപ്പണം തിരിച്ചുപിടിക്കല്‍, കള്ളനോട്ടുകള്‍ ഇല്ലാതാക്കല്‍, ഇതുരണ്ടും നടക്കില്ലെന്നു തന്നെയായിരുന്നു ആര്‍ബിഐ നല്‍കിയ മുന്നറിയിപ്പ്.

അന്നേദിവസം വൈകുന്നേരം 5.30ന് ന്യൂഡല്‍ഹിയില്‍ വച്ച് അടിയന്തരമായി വിളിച്ചു ചേര്‍ത്ത ആര്‍ബിഐ കേന്ദ്ര ബോര്‍ഡിന്റെ 561-ാമത് യോഗത്തില്‍ നോട്ട് നിരോധനം എന്ന തീരുമാനത്തെ ‘അഭിനന്ദനീയം’ എന്നാണ് കേന്ദ്ര ബാങ്കിന്റെ ഡയറക്ടര്‍മാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം, ആ വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ യോഗത്തിന്റെ മിനിറ്റ്സില്‍ വ്യക്തമായി പറയുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook