ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയ സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ബിജെപിയുടെ വാദത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. റഫാല്‍ കരാറില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

”റഫാല്‍ അഴിമതി അന്വേഷണത്തിലേക്ക് വലിയൊരു വാതിലാണ് സുപ്രീംകോടതി ജസ്റ്റിസ് കെഎം ജോസഫ് തുറന്നത്. സമ്പൂര്‍ണ അന്വേഷണം ഇപ്പോള്‍ തന്നെ ആരംഭിക്കണം. അന്വേഷണത്തിനായി ജെപിസി രൂപീകരിക്കണം” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. കേസില്‍ ജസ്റ്റിസ് കൗളിന്റെ വിധിയോട് താന്‍ യോജിക്കുന്നുവെന്നായിരുന്നു ജസ്റ്റിസ് ജോസഫ് വിധി പ്രസ്താവത്തില്‍ പറഞ്ഞത്.

അതേസമയം, കോടതി വിധി വിശകലനം ചെയ്യാതെ ആഘോഷിക്കരുതെന്ന് കോണ്‍ഗ്രസ് ബിജെപിയോട് പറഞ്ഞു. ഇടപാടിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് വഴിതുറക്കുന്നതാണു സുപ്രീംകോടതി വിധിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊലീസിനോ സിബിഐയ്‌ക്കോ അന്വേഷിക്കാവുന്നതേയുള്ളൂവെന്നാണ് കോടതി വിധിയില്‍നിന്നു വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി ആരോപിച്ച ഹര്‍ജികള്‍ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ സുപ്രീം കോടതി തളളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരായിരുന്നു ബഞ്ചിലെ മറ്റംഗങ്ങള്‍.

Read More: റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ആശ്വാസം: പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തളളി

കഴിഞ്ഞ ഡിസംബര്‍ 14 നാണ് കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള സുപ്രീം കോടതി വിധി പുറത്തുവന്നത്. ഇടപാടിലും കരാറിലും സംശയമില്ലെന്ന് പറഞ്ഞ കോടതി റഫാല്‍ കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് വിധിക്കുകയായിരുന്നു.

റഫാല്‍ ജെറ്റിന്റെ ഗുണനിലവാരത്തിലും സംശയമില്ല. യുദ്ധവിമാനങ്ങള്‍ ആവശ്യമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സര്‍ക്കാര്‍ നടപടികളില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. വിലയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

നേരത്തെ സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രിമാരായ രവി ശങ്കര്‍ പ്രസാദ്, നിര്‍മല സീതാരാമന്‍, രാജ്‌നാഥ് സിങ്, അമിത് ഷാ എന്നിവര്‍ രാഹുല്‍ മാപ്പ് പറയണമെന്ന് പറഞ്ഞിരുന്നു. വിധി സത്യത്തിന്റെ വിജയമാണെന്ന് രവി ശങ്കര്‍ പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനുള്ള മറുപടിയാണെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook