ന്യൂഡൽഹി: അനുകൂലമായ സുപ്രീം കോടതി വിധിക്ക് പിന്നാലെ കോൺഗ്രസിനെ റാഫേൽ വിഷയത്തിൽ പ്രതിസ്ഥാനത്താക്കാൻ ബിജെപി ശ്രമം തുടങ്ങി. ബിജെപിയുടെ മുഖ്യമന്ത്രിമാർ 70 നഗരങ്ങളിൽ കോൺഗ്രസിനെതിരെ മാധ്യമങ്ങളോട് സംസാരിക്കും.

റാഫേൽ വിഷയത്തിൽ കോൺഗ്രസിന്റെ പൊളളത്തരങ്ങൾ തുറന്നുകാട്ടുമെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ആസ്സാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ എന്നിവർ ഗുവാഹത്തി,  അഹമ്മദാബാദ്, ജയ്‌പൂർ, അഗർത്തല എന്നിവിടങ്ങളിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കും.

ഇവർക്ക് പുറമെ കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, രവിശങ്കർ പ്രസാദ്, പ്രകാശ് ജാവ്ദേക്കർ, ജെപി നഡ്ഡ, സ്മൃതി ഇറാനി, സുരേഷ് പ്രഭു എന്നിവരും വിവിധ നഗരങ്ങളിൽ പത്രസമ്മേളനം നടത്തും.

അതേസമയം റഫേല്‍ വിധിയില്‍ തിരുത്തല്‍ അവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. വിധിന്യായത്തിലെ ഒരു പാരഗ്രാഫ് തിരുത്തണമെന്ന് ചൂണ്ടികാട്ടിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നരേന്ദ്രമോദി സർക്കാരിന് ക്ലീൻ ചീട്ട് നൽകുന്ന വിധിയിൽ സിഎജി റിപ്പോർട്ടും പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട പരാമര്‍ശംമാണ് പിഴവായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടികാട്ടുന്നത്.

കോടതിയിൽ സീല് ചെയ്ത കവറിൽ സമർപ്പിച്ച രേഖയിലെ ചില കാര്യങ്ങൾ തെറ്റായി വ്യാഖ്യനിക്കപ്പെട്ടതാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലും പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട കാര്യത്തിലാണിതെന്നും പിടിഐ വ്യക്തമാക്കുന്നു.

വിധിന്യായത്തിലെ 25-ാം പാരഗ്രാഫിൽ പറയുന്ന സി.എ.ജി റിപ്പോര്‍ട്ട് സഭയിലും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കും നല്‍കി. ഈ റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചുവെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം ഇപ്പോള്‍ പരസ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് തിരുത്തണമെന്നാണ് കേന്ദ്രം അവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ പാര്‍ലമെന്റിന് മുമ്പില്‍ റിപ്പോര്‍ട്ട് എത്തിയിട്ടില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. പാർലമെന്റിന് മുന്നിൽ ഇത്തരത്തിൽ ഒരു റിപ്പോർട്ട് എത്തിയിട്ടില്ലെന്നും. മറ്റൊരു പിഎസി സമാന്തരമായി മറ്റൊരു പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. ചിലപ്പോളത് ഫ്രാന്‍സിലെ പാര്‍ലമെന്റും ആകാം എന്നുമായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരിഹാസം.

റഫേല്‍ കേസില്‍ സുപ്രീം കോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം ഉയരുമ്പോഴാണ് തിരുത്തല്‍ അപേക്ഷയുമായി സുപ്രീം കോടതിയെ കേന്ദ്രസര്‍ക്കാര്‍ സമീപിച്ചിരിക്കുന്നത്. കോടതിയെ തെറ്റിധരിപ്പിച്ചതിന് സര്‍ക്കാര്‍ മാപ്പു പറയണമെന്നും പ്രതിപക്ഷം അവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook