ന്യൂഡൽഹി: റാഫേൽ ഇടപാടിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ.  രാഹുൽ ഗാന്ധി തുടർച്ചയായി കള്ളം പറയുന്നു എന്നാരോപിച്ച അദ്ദേഹം കള്ളത്തരങ്ങൾ ഒരിക്കലും സത്യത്തിന് പകരമാകില്ലെന്നും പറഞ്ഞു. ഫ്രഞ്ച് സർക്കാരും ദസോൾട് എവിയേഷൻ കമ്പനിയും രാഹുൽ ഗാന്ധി കള്ളം പറയുകയാണെന്ന് തുറന്ന് കാട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു.

“തുടർച്ചയായി കള്ളം പറയുന്ന രാഹുലിന്റെ പ്രവർത്തികൾ നമ്മൾ കാണുന്നതാണ്. പറയാൻ മറ്റ് കാര്യങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടാണ് തുടർച്ചയായി അദ്ദേഹം ഒരേ കള്ളം തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഒരേ കള്ളം നൂറ് തവണ ആവർത്തിച്ചാൽ അത് സത്യമാകില്ല. തെറ്റായ വാർത്തകൾ സൃഷ്‌ടിക്കാനും പ്രചരിപ്പിക്കാനും നമുക്കിടയിൽ ആളുകൾ ഉണ്ട്. അവർ അത് ആവർത്തിച്ചു കൊണ്ടിരിക്കും. കോൺഗ്രസിന് മറ്റ് കാര്യങ്ങൾ ഒന്നും പറയാൻ ഇല്ല. അവരുടെ നേതൃത്വത്തിന് അടിസ്ഥാനപരമായ പല വിഷയങ്ങളും മനസിലാക്കാൻ പോലും സാധിക്കുന്നില്ല.” വാർത്ത ഏജൻസിയായ ഐഎഎൻഎസിനോട് ഗോയൽ പറഞ്ഞു.

റാഫേൽ ഇടപാട് ഒപ്പ് വെച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സർക്കാരിനെയും പുകഴ്ത്തിയ മന്ത്രി പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും അറിയിച്ചു.

അതേസമയം റാഫേൽ ഇടപാടിൽ പങ്കാളിയെ തിരഞ്ഞെടുക്കാനുളള അവകാശം കമ്പനിക്കാണെന്ന് ദസോൾട് ഏവിയേഷൻ സിഇഒ എറിക് ട്രപ്പിയർ നേരത്തെ വ്യക്തമാക്കിയിരുന്നു. കരാർ ആർക്ക് നൽകണമെന്നത് കമ്പനിയുടെ തീരുമാനമാണ്. റിലയൻസിനെ പങ്കാളിയാക്കാനുളള തീരുമാനം ദസോൾട് ഏവിയേഷൻ സ്വതന്ത്രമായി എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

വിമാന കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്ന ദസോൾട് ഏവിയേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ലോയ്ക് സെഗ്‌ലന്റെ വെളിപ്പെടുത്തൽ ഫ്രഞ്ച് മാധ്യമം മീഡിയാപാർട് പുറത്തുവിട്ടത് വിവാദമായിരുന്നു. ദസോൾട് ഏവിയേഷൻ കരാർ ലഭിക്കണമെങ്കിൽ റിലയൻസിനെ തിരഞ്ഞെടുക്കണമെന്ന ഉപാധി അംഗീകരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു സെഗ്‌ലൻ പറഞ്ഞതായാണ് റിപ്പോർട്ട്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് രംഗത്തുവരികയും മോദി രാജി വയ്ക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook