ന്യൂഡൽഹി: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് പ്രതിരോധത്തിലായ കേന്ദ്രസർക്കാർ കോൺഗ്രസിനെതിരെ ഗൂഢാലോചന ആരോപിച്ച് രംഗത്ത്. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവന കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ചത്.
24 മണിക്കൂറിനിടെ ഒലാന്ദെ നടത്തിയത് പരസ്പര വിരുദ്ധമായ രണ്ട് അഭിപ്രായങ്ങളാണെന്ന് ജെയ്റ്റലി പ്രതികരിച്ചു. പ്രസ്താവനയ്ക്ക് പിന്നിൽ ഗൂഢാലോചനയെന്നാണ് ആരോപണം ഉന്നയിച്ചത്. നേരത്തെ റാഫേൽ യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ റിലയൻസിനെ പങ്കാളിയാക്കണമെന്ന നിർദേശം ഇന്ത്യയാണ് മുന്നോട്ട് വച്ചതെന്ന് ഫ്രാൻസ്വെ ഒലാന്ദെ വെളിപ്പെടുത്തിയിരുന്നു. ഇതോടെ രാജ്യം ഭരിക്കുന്ന ബിജെപി പ്രതിരോധത്തിലായി.
എന്നാൽ സംഭവം വിവാദമായതോടെ റിലയൻസിന്റെ കടന്നുവരവിനെ കുറിച്ച് പ്രതികരിക്കേണ്ടത് പോർവിമാനങ്ങൾ നിർമ്മിക്കാൻ കരാർ ഏറ്റെടുത്ത ഡെസോള്ട്ട് ഏവിയേഷൻ കമ്പനി തന്നെയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിനെ നിലപാട് മാറ്റമായി ബിജെപി ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയും ഫ്രാൻസും 36 റാഫേൽ യുദ്ധവിമാനങ്ങളുടെ കരാർ ഒപ്പിട്ട കാലത്ത് ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദെ ആയിരുന്നു. “24 മണിക്കൂറിനുള്ളിൽ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഒലാന്ദെ പറയുന്നത്. ആദ്യത്തേതിൽ കേന്ദ്ര സര്ക്കാര് നിര്ദേശിച്ചെന്ന് പറയുന്നു. രണ്ടാമത്തേത് ഇക്കാര്യം അറിയില്ലെന്നും അത് കരാർ ഏറ്റെടുത്ത കമ്പനിയോട് ചോദിക്കണമെന്നും പറയുന്നു. സത്യത്തിന് രണ്ട് ഭാഷ്യങ്ങളില്ല. ഇത് ഗൂഢാലോചനയാണ്,” ജെയ്റ്റ്ലി പറഞ്ഞു.
റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഇതാണ് ജെയ്റ്റ്ലി ആയുധമാക്കിയത്. രാഹുലിന്റെ ഈ പ്രസ്താവന എടുത്തുയർത്തിയാണ് ഒലാന്ദെയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയാണെന്ന് ആരോപിക്കുന്നത്. എന്നാൽ ഗൂഢാലോചന ആരോപണം പ്രധാനമന്ത്രിയുടെ അഴിമതി മറച്ചുവയ്ക്കാനുളള ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ശ്രമമാണെന്ന് കോൺഗ്രസ് മറുപടി നൽകി.