ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ഭരണഘടനാ ബഞ്ചാണ് കേസില്‍ വിധി പറയുക. ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.
റഫാല്‍ ഇടപാടില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന ഡിസംബര്‍ 14 ലെ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളിലാണ് ഇന്ന് വിധി പറയുക. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടുത്തോളം ഏറെ നിര്‍ണായകമായ വിധിയായിരിക്കും ഇത്. റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Read Also: Sabarimala Women Entry Case: ശബരിമല യുവതീപ്രവേശന കേസ്: പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി ഇന്ന്
ഇടപാടിലും കരാറിലും സംശയമില്ലെന്ന് പറഞ്ഞ കോടതി റഫാൽ കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് വിധിക്കുകയായിരുന്നു. റഫാൽ ജെറ്റിന്റെ ഗുണനിലവാരത്തിലും സംശയമില്ല. യുദ്ധവിമാനങ്ങൾ ആവശ്യമെന്ന കാര്യത്തിൽ സംശയമില്ലെന്നും സർക്കാർ നടപടികളിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. വിലയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളെല്ലാം സുപ്രീം കോടതി തള്ളുകയായിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഇന്ന് നിർണായക ദിവസമാണ്. രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യക്കേസിലും സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണു വിധി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ (കാവൽക്കാരൻ കള്ളനാണ്) പരാമര്‍ശത്തെ റഫാല്‍ വിഷയത്തിലെ കോടതിവിധിയുമായി ബന്ധപ്പെടുത്തിയതിന് എതിരെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ബിജെപി എംപി മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ കേസ് സമര്‍പ്പിച്ചത്.
Read Also: Horoscope Today November 14, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
കോടതി പറഞ്ഞത് രാഹുൽ ഗാന്ധി തെറ്റായി വ്യാഖ്യാനിച്ചതായി സുപ്രീം കോടതിയും നേരത്തെ വിമർശിച്ചിരുന്നു. അതേസമയം, രാഹുല്‍ മാപ്പു പറഞ്ഞെന്നും കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും രാഹുലിനു വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി വാദിച്ചിരുന്നു.