ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്ന റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ. യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റാണ് ഇന്ന് അതിർത്തി കടന്നെത്തിയത്. അഞ്ച് റഫാൽ വിമാനങ്ങൾ അംബാലയിലെ വ്യോമസേന താവളത്തിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ലാൻഡ് ചെയ്തത്.

“പക്ഷികൾ സുരക്ഷിതമായി അംബാലയിൽ വന്നിറങ്ങി. ഇന്ത്യയിൽ റാഫൽ യുദ്ധവിമാനങ്ങളുടെ വരവ് നമ്മുടെ സൈനിക ചരിത്രത്തിലെ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി അടയാളപ്പെടുത്തും. ഈ മൾട്ടിറോൾ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ കഴിവുകളിൽ വിപ്ലവം സൃഷ്ടിക്കും,” പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

 

കഴിഞ്ഞ ദിവസമാണ് ഫ്രാൻസിൽ നിന്നും റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. യാത്രയ്‌ക്കിടെ അൽദഫ്‌റ സെെനിക വിമാനത്തിൽ ഒരു ദിവസം വിശ്രമിച്ച ശേഷമാണ് റഫാൽ ഇന്ത്യയിലേക്ക് എത്തുന്നത്. ഏഴ് മണിക്കൂർ തുടർച്ചയായി പറന്ന ശേഷമാണ് വിശ്രമിക്കാൻ ലാൻഡ് ചെയ്‌തത്.

റഫാലിന്റെ പത്ത് സെറ്റുകളാണ് ഫ്രാൻസിലെ ദസോ ഏവിയേഷൻ കമ്പനി ഇന്ത്യയ്‌ക്ക് കെെമാറിയത്. ഇതിൽ അഞ്ചെണ്ണം പരീക്ഷണത്തിനുവേണ്ടി ഫ്രാൻസിൽ തന്നെയാണ്. ശേഷിക്കുന്ന അഞ്ചെണ്ണമാണ് ഇപ്പോൾ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. യാത്രയ്‌ക്കിടെ റഫാൽ യുദ്ധവിമാനത്തിൽ ഇന്ധനം നിറയ്‌ക്കുന്ന ചിത്രങ്ങൾ വ്യോമസേന പുറത്തുവിട്ടു. 30,000 അടി ഉയരത്തിൽവച്ചാണ് ഇന്ധനം നിറച്ചത്.

Read Also: തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ തുടരുന്നു; കൊച്ചിയിൽ അഞ്ച് കോവിഡ് രോഗികളുടെ നില അതീവ ഗുരുതരം

7,000 കിലോമീറ്റർ താണ്ടിയാണ് അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യൻ എയർഫോഴ്‌സ് പെെലറ്റുമാരാണ് റഫാൽ യുദ്ധവിമാനങ്ങൾ പറത്തിയത്.

മൂന്ന് സിംഗിൾ സീറ്റുകളും രണ്ട് ഡബിൾ സീറ്റുകളുമാണ് റഫാലിലുള്ളത്.

ആകെ 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യയ്‌ക്കു കെെമാറുന്നത്. 2021 അവസാനത്തോടെ എല്ലാ വിമാനങ്ങളും ഇന്ത്യയിലെത്തും.

അതേസമയം, രാജ്യത്ത് ഏറെ രാഷ്‌ട്രീയ വിവാദങ്ങൾക്ക് കാരണമായ ഇടപാടാണ് റാഫേൽ യുദ്ധവിമാന ഇടപാട്. ഫ്രാൻസുമായുള്ള ഇടപാടിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. റാഫേൽ ഇടപാട് പിന്നീട് സുപ്രീം കോടതിയിലുമെത്തി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാരിനെതിരെ രാഷ്‌ട്രീയ ആയുധമായാണ് റാഫേൽ ഇടപാടിനെ പ്രതിപക്ഷം ഉപയോഗിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook