ന്യൂഡല്‍ഹി: ലോകത്തിനൊന്നാകെ, പ്രത്യേകിച്ച് നമ്മുടെ പരമാധികാരത്തില്‍ കണ്ണുവയ്ക്കുന്നവര്‍ക്കുള്ള വലതും കര്‍ക്കശവുമായ സന്ദേശമാണ് റഫാല്‍ യുദ്ധവിമാനങ്ങളെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അഞ്ച് റഫാല്‍ വിമാനങ്ങള്‍ സേനയുടെ ഭാഗമാകുന്ന ചടങ്ങില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകുന്നത് പ്രധാനമാണെന്നു രാജ്നാഥ് സിങ് പറഞ്ഞു. അതിര്‍ത്തിയിലെ അന്തരീക്ഷം എന്താണെന്ന് താന്‍ പറയണോയെന്നും അദ്ദേഹം ചോദിച്ചു.
”അടുത്തിടെയുള്ള എന്റെ വിദേശയാത്രയില്‍, ഇന്ത്യയുടെ കാഴ്ചപ്പാട് ഞാന്‍ ലോകത്തിന് മുന്നില്‍ വച്ചു.നമ്മുടെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും കാര്യത്തില്‍ ഒരു സാഹചര്യത്തിലും വിട്ടുവീഴ്ചയില്ലെന്ന തീരുമാനം ഞാന്‍ എല്ലാവരെയും അറിച്ചു. ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യാന്‍ നാം പ്രതിജ്ഞാബദ്ധരാണ്,”പ്രതിരോധമന്ത്രി പറഞ്ഞു.
ലോക സമാധാനത്തിനുള്ള ആഗ്രഹമാണ് ഇന്ത്യയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനു പിന്നിലെ ലക്ഷ്യം. എവിടെയെങ്കിലും സമാധാനം തകര്‍ക്കുന്ന നടപടി നാം സ്വീകരിക്കില്ല. ഇത്, അയല്‍ക്കാരില്‍നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും നാം പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഉത്തരവാദിത്തങ്ങള്‍ അതിര്‍ത്തികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഇന്ത്യ-പസഫിക്ക്, ഇന്ത്യന്‍ മഹാസമുദ്ര മേഖലകളില്‍ മുഴുവന്‍ നാം ഉത്തരവാദിത്തപരമായ പങ്കുവഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
റഫാല്‍ വ്യോമസേനയയുടെ ഭാഗമാകുന്നത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ ബന്ധത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
നീണ്ട കാത്തിരിപ്പിനൊടുവിലാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായത്. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തില്‍ നടന്ന ചടങ്ങില്‍ സേനയുടെ ഭാഗമായത്.
ജൂലായ് 29നാണ് ഈ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് എത്തിയത്. ഇവ ഉള്‍പ്പെടെ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ 58,000 കോടി രൂപ കരാറാണ് ഫ്രാന്‍സുമായി ഇന്ത്യയുണ്ടാക്കിയിരിക്കുന്നത്.
അഞ്ച് വിമാനങ്ങളുടെ ആദ്യ ബാച്ച് അംബാല വ്യോമതാവളത്തിലാണു വിന്യസിച്ചിരിക്കുന്നത്. വ്യോമസേനയുടെ ഗോള്‍ഡന്‍ ആരോസ് എന്ന 17 സ്ക്വാഡ്രണിന്റെ ഭാഗമായിരിക്കും ഇവ.
വിമാനങ്ങള്‍ സേനയില്‍ ഉള്‍പ്പെടുത്തുന്ന ചടങ്ങിന്റെ ഭാഗമായി സര്‍വ ധര്‍മ പൂജ നടന്നു. തുടര്‍ന്ന് റഫാല്‍, തേജസ് യുദ്ധവിമാനങ്ങളുടെയും സാരംഗ് എയ്റോബാറ്റിക് ടീമിന്റെയും വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടന്നു. ജലപീരങ്കി ഉപയോഗിച്ച് സല്യൂട്ട് നല്‍കിയാണ് റഫാല്‍ വിമാനങ്ങളെ സ്വീകരിച്ചത്.
ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഫഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി, സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ, പ്രതിരോധ സെക്രട്ടറി അജയകുമാർ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
Read in English: Rafale induction LIVE updates: Rafale induction important given the situation at our borders, says Rajnath