ന്യൂഡൽഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് എല്ലാം കാണാതാവുന്ന അവസ്ഥയാണുള്ളതെന്ന് പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് വാഗ്‌ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങള്‍ കാണാതായി, കര്‍ഷകരുടെ പണം കാണാതായി, ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞ 15 കോടിയും കാണാതായി. ഇപ്പോള്‍, റഫാല്‍ രേഖകളും കാണാതായിരിക്കുകയാണെന്ന് രാഹുല്‍ പരിഹസിച്ചു.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം നടത്തണമെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

റഫാലുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ മോഷണം പോയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. രേഖകള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍, 30,000 കോടി രൂപയുടെ അഴിമതിയില്‍ പങ്കാളിയായ ഒരാളെ കുറിച്ച് അന്വേഷണം ആവശ്യമില്ലേ?; രാഹുല്‍ ചോദിച്ചു. റഫാല്‍ രേഖകള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കണം. അതിനൊപ്പം തന്നെ, ഇടപാടില്‍ സമാന്തര ചര്‍ച്ചകള്‍ നടത്തിയ പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെയും അന്വേഷണം നടക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

റഫാല്‍ വൈകുന്നതിന് കാരണം പ്രധാനമന്ത്രിയാണ്. അനില്‍ അംബാനിക്ക് കരാര്‍ നല്‍കാനാണ് മോദി പദ്ധതി വൈകിപ്പിച്ചത്. അഴിമതി നടന്നിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. അതിനാല്‍, പ്രധാനമന്ത്രിക്കെതിരെ അന്വേഷണം ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ