ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മേയ് 10 വെള്ളിയാഴ്ചത്തേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. റഫാല്‍ പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം തന്നെ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും പരിഗണിക്കും. റഫാല്‍ കേസുമായി ബന്ധപ്പെട്ട ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന പരാമര്‍ശമാണ് രാഹുലിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി.
Read More: റഫാൽ അഴിമതിയുടെ തുടക്കവും ഒടുക്കവും മോദി തന്നെ: രാഹുൽ ഗാന്ധി
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകളാണ് പുനഃപരിശോധന ഹര്‍ജികളില്‍ നിര്‍ണായകമായത്. പുറത്തുവന്ന രേഖകള്‍ രഹസ്യസ്വഭാവമുള്ളതാണെന്നും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ചോര്‍ത്തിയതാണെന്നുമായിരുന്നു കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. ഈ രേഖകള്‍ പരിഗണിക്കരുതെന്നായിരുന്നു നേരത്തെ കേന്ദ്രത്തിന്റെ നിലപാട്.
Read More: റഫാൽ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി; മോദി സർക്കാരിന് ആശ്വാസം
റഫാല്‍ യുദ്ധവിമാന ഇടപാട് അന്വേഷിക്കേണ്ട ആവശ്യമില്ല എന്നാണ് ഡിസംബര്‍ 14 ലെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതിനെതിരെയാണ് പുനഃപരിശോധന ഹര്‍ജികളുള്ളത്.
തിരഞ്ഞെടുപ്പ് റാലിയില്‍ വച്ചാണ് രാഹുല്‍ ഗാന്ധി വിവാദമായ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ പരാമര്‍ശം നടത്തിയത്. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീം കോടതിയും പറഞ്ഞെന്നായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം. ഇതില്‍ സുപ്രീം കോടതിയും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. യുദ്ധവിമാനങ്ങൾ ആവശ്യമെന്ന കാര്യത്തിൽ സംശയമില്ലെന്നും സർക്കാർ നടപടികളിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. വിലയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളെല്ലാം സുപ്രീം കോടതി തള്ളുകയായിരുന്നു.
Read More: റഫാൽ അഴിമതിയുടെ തുടക്കവും ഒടുക്കവും മോദി തന്നെ: രാഹുൽ ഗാന്ധി
ഇന്ത്യയും ഫ്രാൻസും തമ്മിൽ 2016 സെപ്റ്റംബറിലാണ് റഫാൽ യുദ്ധവിമാനക്കരാറിൽ ഒപ്പുവയ്ക്കുന്നത്. ഏകദേശം 59,000 കോടി രൂപയുടെ കരാർ വഴി 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുക. ആധുനിക സാങ്കേതികവിദ്യയുപയോഗിച്ചു നിർമിച്ച റഫാൽ വിമാനങ്ങൾക്ക് അത്യാധുനിക മിസൈലുകൾ വഹിക്കാനാവും. വില കുറവിലൂടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞതിനാൽ കരാർ വിജയകരമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. എന്നാൽ ഇന്ത്യയ്ക്ക് ലഭിച്ചതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഖത്തറിന് വിമാനങ്ങൾ ലഭ്യമായതോടെയാണ് കരാർ വിവാദമായത്.