ന്യൂഡൽഹി: റഫാല്‍ പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാക്‌പോര്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന രേഖകളും പരിശോധിക്കാമെന്ന് സുപ്രീം കോടതി നിലപാടെടുത്തു. എന്നാല്‍, രഹസ്യ സ്വഭാവമുള്ള രേഖകളാണെന്നും അത് പരിഗണിക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി എ.ജി കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതോടെ വാദപ്രതിവാദം ശക്തമായി.

മോഷ്ടിച്ച രേഖകളെ സംശയത്തോടെ കാണാമെന്നും എന്നാല്‍, രേഖകള്‍ പരിശോധിക്കരുതെന്ന് പറയാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് കെ.എം ജോസഫ് എ.ജിക്ക് മറുപടി നല്‍കി. റഫാലില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണം രാജ്യസുരക്ഷയുടെ മറവില്‍ മൂടിവയ്ക്കാനാണോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. റഫാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തുടര്‍വാദത്തിനായി ഈ മാസം 14 ലേക്ക് മാറ്റി.

മോഷ്ടിച്ച രേഖകള്‍ പ്രസക്തമാണെങ്കില്‍ പരിശോധിക്കേണ്ടി വരുമെന്നാണ് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞത്. രേഖകള്‍ എങ്ങനെ കിട്ടിയെന്നത് കോടതിയുടെ വിഷയമല്ല. ഇത് രാജ്യസുരക്ഷയുടെ കീഴില്‍ വരുന്നില്ലെന്നും ജസ്റ്റിസ് കെ.എം ജോസഫ് വ്യക്തമാക്കി. എന്നാല്‍, രേഖകള്‍ ഒരു കാരണവശാലും പത്രങ്ങളിലോ മാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും എ.ജി കോടതിയില്‍ അറിയിച്ചു. രേഖകള്‍ പരിശോധിക്കേണ്ട എന്ന അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ വാദം ശരിയല്ലെന്നായിരുന്നു ജസ്റ്റിസ് കെ.എം ജോസഫിന്റെ മറുപടി.

രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്ന കാര്യം സത്യവാങ്മൂലമായി നല്‍കാമോ എന്ന് കോടതി ചോദിച്ചു. നാളെ തന്നെ ഇക്കാര്യം എഴുതി നല്‍കാമെന്ന് എ.ജി കോടതിയെ അറിയിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ