കൊച്ചി: റാഫേൽ ഇടപാടിൽ അഴിമതി നടന്നുവെന്ന് ജനം സംശയിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ അദ്ധ്യക്ഷൻ പ്രവീൺ തൊഗാഡിയ. ഇക്കാര്യത്തിൽ മുൻപ് എൽകെ അദ്വാനി കാട്ടിയ മാതൃക നരരേന്ദ്ര മോദി പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
“കരാർ ഒപ്പുവയ്ക്കുന്നതിന് ഒരാഴ്ച മുൻപാണ് ആയുധ നിർമ്മാണ കമ്പനി തുടങ്ങിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഒരു കമ്പനിയുടെ പേര് മാത്രമാണ് ഇന്ത്യ ഗവൺമെന്റ് നൽകിയതെന്നാണ് മുൻ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്. ഒരു കോർപ്പറേറ്റ് കമ്പനിക്ക് വേണ്ടിയാണോ ഈ കരാർ ഒപ്പിട്ടതെന്ന് പറയേണ്ടത് മോദിയാണ്. എന്തുകൊണ്ട് കരാർ തുക ഉയർന്നുവെന്നും മോദി പറയണം. ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കേണ്ടതാണ്,” തൊഗാഡിയ പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുക്കളെയും രാമനെയും വഞ്ചിച്ചിരിക്കുകയാണ്. രാമക്ഷേത്ര നിർമ്മാണത്തിന് നിയമനിർമ്മാണം നടത്താൻ ആവശ്യപ്പെട്ടപ്പോഴാണ് തന്നോട് അനുസരണയുളള പ്രവർത്തകനായി തുടരാൻ പറഞ്ഞത്. അന്ന് അവരുടെ വാക്ക് കേട്ടിരുന്നുവെങ്കിൽ ഞാനിന്നും വിഎച്ച് പി അദ്ധ്യക്ഷ സ്ഥാനത്ത് തുടർന്നേനെ. ഇന്നിപ്പോൾ അവർ രാമക്ഷേത്രം നിർമ്മിക്കാനുളള നിയമ നിർമ്മാണം നടത്തുന്നതിന് ചർച്ചകൾ ആരംഭിച്ചിരിക്കുന്നതായി ഞാൻ അറിഞ്ഞു. അത് ഞാൻ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ പ്രവർത്തനം ആരംഭിച്ചത് കൊണ്ടാണ്,” തൊഗാഡിയ ആവശ്യപ്പെട്ടു.
“എസ് സി-എസ് ടി നിയമത്തെ അനുകൂലിച്ചാണ് മോദി പാർലമെന്റിൽ സംസാരിക്കുന്നത്. എന്നാൽ സുപ്രീം കോടതിയിൽ നിലപാട് മറ്റൊന്നായിരുന്നു. രാമക്ഷേത്ര വിഷയത്തിലും ഇതാണ് സ്ഥിതി. സുപ്രീം കോടതിയിൽ അനുകൂലിക്കുന്ന മോദി പാർലമെന്റിൽ നിയമ നിർമ്മാണത്തിന് ഒരുക്കമല്ല. ഇത് ചതിയാണ്. ദശലക്ഷക്കണക്കിന് വരുന്ന രാജ്യത്തെ ഹിന്ദുക്കളോട് ചെയ്യുന്ന വഞ്ചനയാണ് ഇത്,” തൊഗാഡിയ പറഞ്ഞു. “ഡോ. പ്രവീൺ തൊഗാഡിയക്ക് മുൻപ് ഇവിടെ ഹിന്ദുക്കളുണ്ട്. നരേന്ദ്ര മോദി ജനിക്കുന്നതിനും മുൻപും ഇവിടെ ഹിന്ദുക്കളുണ്ട്. അത് നരേന്ദ്ര മോദി മനസിലാക്കിയാൽ ലോക്സഭ തിരഞ്ഞെടുപ്പ് വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോകും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒക്ടോബർ 21 ന് ലഖ്നൗവിൽ നിന്ന് അയോധ്യയിലേക്ക് ഞങ്ങൾ മാർച്ച് നടത്തും. രാമക്ഷേത്ര നിർമ്മാണത്തിൽ തീരുമാനം വേണം. ഇതിന് അനുകൂലമായാണ് സർക്കാർ പ്രതികരിക്കുന്നതെങ്കിൽ ഞങ്ങൾക്ക് പ്രശ്നമില്ല. അങ്ങിനെയല്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസിനും കമ്യൂണിസ്റ്റിനും എതിരെ മൂന്നാം ബദലുണ്ടാക്കും,” പ്രവീൺ തൊഗാഡിയ പറഞ്ഞു.
“ആർഎസ്എസ് നേതാക്കളിൽ ഭയ്യാജി ജോഷി അടക്കമുളള അഞ്ച് നേതാക്കളുമായി അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് ചർച്ച നടത്തിയിട്ടുണ്ട്. വിഎച്ച് പിയുടെ നേതാക്കളുമായും ചർച്ച നടക്കുന്നുണ്ട്. ഒരു ലക്ഷം ജില്ലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. എല്ലാ പോളിങ് ബൂത്തിലും 25 യുവാക്കളെ ഉൾക്കൊളളിച്ച് സംഘം രൂപീകരിക്കും,” വിപുലമായ രാഷ്ട്രീയ പദ്ധതിയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
“അടുത്ത മാസം നടക്കുന്ന അയോദ്ധ്യ മാർച്ചിൽ രാമക്ഷേത്ര നിർമ്മാണത്തിന് പുറമെ കർഷകരുടെയും യുവാക്കളുടെയും ആവശ്യങ്ങൾ മുന്നോട്ട് വയ്ക്കും. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരം കർഷകരുടെ വിളകൾക്ക് താങ്ങുവില ലഭ്യമാക്കണം. യുവാക്കൾക്ക് തൊഴിൽ നൽകണം.” അദ്ദേഹം പറഞ്ഞു.