ന്യൂഡല്‍ഹി:  റഫേൽ യുദ്ധവിമാന കരാറിൽ മോദി സർക്കാരിനെ സമ്മദ്ദത്തിലാക്കി വീണ്ടും എൻ റാം. ഹിന്ദു ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യുപിഎ കാലത്തെക്കാൾ മോശമായ വ്യവസ്ഥകളാണ് മോദി സർക്കാർ ഒപ്പുവച്ചതെന്ന് പ്രതിരോധ രംഗത്തെ ഉന്നത ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നുണ്ട്.

റഫാല്‍ കരാറിൽ ഒപ്പുവയ്ക്കുന്നതിന് മുൻപ് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ദസോൾട്ട് ഏവിയേഷനുമായി ചർച്ച നടത്തിയ ഏഴ് ഇന്ത്യാക്കാരിൽ മൂന്ന് പേരുടെ കത്തുകളാണ് പുറത്തുവിട്ടത്. കരാറിലെ വ്യവസ്ഥകളിൽ ഇവർ മൂന്ന് പേരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്തിമകരാർ ഒപ്പുവയ്ക്കുന്നതിന് മൂന്ന് മാസം മുൻപാണ് ഈ കുറിപ്പുകൾ എഴുതിയിട്ടുളളത്.

ഇന്ത്യന്‍ സംഘത്തിലെ ഉപദേഷ്ടാവ് എം.പി സിങ്, ധനകാര്യ മാനേജര്‍ എ.ആര്‍ സുലേ, ജോയിന്റ് സെക്രട്ടറിയും അക്വിസിഷന്‍ മാനേജറുമായ രാജീവ് വര്‍മ എന്നിവരാണ് ആശങ്ക രേഖപ്പെടുത്തിയത്.

യുപിഎ കാലത്ത് 126 വിമാനങ്ങളാണ് ദസ്സോൾട്ട് ഏവിയേഷനുമായി ചേര്‍ന്ന് നിര്‍മ്മിക്കാന്‍ ധാരണയായത്. ഇതില്‍ 18 വിമാനങ്ങൾ നിർമ്മിച്ച് നൽകാനും ഒപ്പം ഇതിന്റെ സാങ്കേതിക വിദ്യ കൈമാറാനുമായിരുന്നു ധാരണ. ശേഷിക്കുന്ന വിമാനങ്ങൾ എച്ച്എഎല്ലുമായി ഇന്ത്യയിൽ നിര്‍മ്മിക്കാനുമായിരുന്നു പദ്ധതി.

എന്നാൽ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കരാര്‍ ഉടച്ചുവാർത്തു. എച്ച്എഎല്ലിന് പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഓഫ്‌സെറ്റ് കരാറിൽ ദസോൾട്ട് ഏവിയേഷന്റെ പങ്കാളിയായി. വിമാനത്തിന്റെ എണ്ണം 36 ആക്കി വെട്ടിച്ചുരുക്കി. എല്ലാ വിമാനങ്ങളും ഫ്രാൻസിൽ നിർമ്മിക്കാനും സാങ്കേതിക വിദ്യ കൈമാറേണ്ടെന്നും തീരുമാനിക്കുകയായിരുന്നു. ഇതിന് പുറമെ മുൻകരാറിനേക്കാൾ വിമാനത്തിന്റെ വിലയിലും മാറ്റം വന്നു.

പഴയ കരാറില്‍ 18 വിമാനങ്ങൾ ഇന്ത്യക്ക് കൈമാറാമെന്ന് ധാരണയിലെത്തിയ കാലപരിധിയെ അപേക്ഷിച്ച് 36 റാഫേൽ വിമാനങ്ങൾ കൈമാറാൻ കൂടുതൽ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്. കരാറിലെ വ്യവസ്ഥ പാലിക്കാതെ വരികയോ, നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയോ, പുറത്ത് നിന്ന് മറ്റൊരു ഇടപെടൽ കരാറിലുണ്ടായാലോ ഇന്ത്യയ്ക്ക് കമ്പനികളിൽ നിന്ന് നടപടിക്കും പിഴയീടാക്കാനും സാധിക്കില്ല. ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് എം.പി സിങ്, എ.ആര്‍ സുലേ, രാജീവ് വര്‍മ എന്നിവർ കരാറിനെതിരെ നിലപാടെടുത്തതെന്നാണ് റിപ്പോർട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook