ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് തീരുമാനം.
റഫാലുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രഹസ്യ രേഖകള്‍ കേസില്‍ പരിഗണിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രഹസ്യ രേഖകളില്‍ പൂര്‍ണ്ണ അനുവാദം കേന്ദ്രത്തിനാണെന്നും അത് പരസ്യപ്പെടുത്താന്‍ പാടില്ലെന്നും എജി കോടതിയില്‍ ആവര്‍ത്തിച്ചു.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്ന രഹസ്യ രേഖകള്‍ റഫാല്‍ കേസില്‍ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നതിലാണ് സുപ്രീം കോടതി ഇന്ന് വാദം കേട്ടത്. രഹസ്യ നിരോധന നിയമ പ്രകാരം രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കേന്ദ്രത്തിന്റെ അനുവാദം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ നിലപാടെടുത്തു. രേഖകള്‍ പരിഗണിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്ത ശേഷമേ റഫാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വിവരാവകാശ നിയമ പ്രകാരം രേഖകള്‍ നല്‍കാനും പരിഗണിക്കാനും വ്യവസ്ഥയുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അറ്റോര്‍ണി ജനറലിന് മറുപടി നല്‍കി. രേഖകളുടെ ഉള്ളടക്കം എന്താണെന്ന് ചോദിച്ച ശേഷമാണ് കോടതി കേസില്‍ വിധി പറയാന്‍ മാറ്റിയത്.
പൊതുജനങ്ങള്‍ക്ക് ലഭ്യമായ രേഖകള്‍ കോടതി പരിഗണിക്കരുതെന്ന് പറയാന്‍ എങ്ങനെ സാധിക്കുമെന്ന് ഹര്‍ജിക്കാരനായ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് റഫാൽ ഇടപാടിൽ നടത്തിയ സമാന്തര ചര്‍ച്ചയാണ് രേഖയുടെ ഉള്ളടക്കമെന്നും ആ രേഖ എങ്ങനെയാണ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നതെന്നും മുൻ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരിയും വാദിച്ചു.