ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചൂടിനിടെ റഫാല്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍. റഫാല്‍ ഇടപാടില്‍ അന്വേഷണം തള്ളിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി പരിഗണിക്കും. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ ഡിസംബര്‍ 14ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
കേന്ദ്ര സർക്കാരിന്റെ പുതിയ സത്യവാങ്മൂലവും കോടതിയുടെ മുന്നില്‍ വരും. റഫാല്‍ കേസില്‍ സുപ്രീം കോടതി വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. വിഷയത്തില്‍ അന്വേഷണം വേണ്ടെന്ന വിധിയില്‍ പുനഃപരിശോധന വേണ്ടെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്. കുറഞ്ഞ വിലയ്ക്കാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്.
Read Also: റഫാൽ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി; മോദി സർക്കാരിന് ആശ്വാസം
പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ച് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച രേഖകള്‍ പരിഗണിച്ച് കേസ് പുനഃപരിശോധിക്കേണ്ടതില്ല. 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങിയതിലൂടെ രാജ്യത്തിന് ഒരുവിധത്തിലുള്ള നഷ്ടവും ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മുന്‍ സര്‍ക്കാരിന്റേതിനേക്കാള്‍ ചിലവ് കുറവാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ഇടപാടുകളെന്ന സിഎജി റിപ്പോര്‍ട്ടും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.