/indian-express-malayalam/media/media_files/uploads/2018/11/rafale-759.jpg)
റഫാല്‍ ഇടപാട് സംബന്ധിച്ച് സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യോമസേന അധികൃതര്‍ നല്‍കിയ ഉത്തരങ്ങള്‍ വിവാദങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് യുദ്ധവിമാനങ്ങളുടെ സാങ്കേതിക വശങ്ങളെകുറിച്ചാണ് വ്യോമസേന ഉദ്യോഗസ്ഥരോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
വ്യോമസേന അസിസ്റ്റന്‌റ് ചീഫ് എവിഎം ചലപതി വ്യോമസേന ഡെപ്യൂട്ടി മേധാവിയുടെ സാന്നിധ്യത്തിലാണ് ചീഫ് ജസ്റ്റിസിന്‌റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. റഷ്യന്‍ നിര്‍മ്മിത എസ്‌യു 30എംകെഐ എന്ന യുദ്ധവിമാനമാണ് വ്യോമസേന അടുത്തിടെ ഉള്‍പ്പെടുത്തിയത്. 2021 വരെ ഈ വിമാനം ഹിന്ദുസ്ഥാന്‍ എയറോനോടിക്‌സിന് കീഴിലാണ് നിര്‍മ്മിക്കുന്നതെന്ന് ചലപതി പറഞ്ഞു. മിറാഷ് 2000 എന്ന യുദ്ധവിമാനത്തെ കുറിച്ചുള്ള ചീഫ് ജസ്റ്റിസിന്‌റെ ചോദ്യത്തിന് റഫാല്‍ യുദ്ധവിമാനം നിര്‍മ്മിക്കുന്ന ദസോ കമ്പനി തന്നെയാണ് മിറാഷ് 2000വും നിര്‍മ്മിച്ചതെന്ന് ചലപതി മറുപടി നല്‍കി.
യുദ്ധവിമാനങ്ങളുടെ തലമുറ നിര്‍ണയിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങളൊന്നും ഇല്ല, എന്നാല്‍ സുഖോയ് എസ്‌യു 30 എംകെഐ നാലം തലമുറയില്‍ ഉള്‍പ്പെട്ട വിമാനമാണെന്നും, എച്ച് എ എൽ ഉൽപ്പാദിപ്പിക്കുന്ന മിസൈല്‍ വഹിക്കുന്ന തേജസ് യുദ്ധവിമാനം 3.5 തലമുറയില്‍ ഉള്‍പ്പെട്ടതാണെന്നും ചലപതി പറഞ്ഞു.
എയര്‍ ചീഫ് മാര്‍ഷ്യല്‍ ബി.എസ്.ധനോയയോടാണ് സുപ്രീം കോടതിയിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചതിനാല്‍ എവിഎം ചലപതി, വൈസ് ചീഫ് എയര്‍ മാര്‍ഷൽ അനില്‍ ഖോസ്‌ല, എയര്‍ മാര്‍ഷല്‍ വിആര്‍ ചൗധരി എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്. സുപ്രീം കോടതി ബഞ്ചില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് കെ.എം.ജോസഫ്, എസ്.കെ കൗള്‍ എന്നിവരും ഉണ്ടായിരുന്നു.
സുപ്രീം കോടതിയില്‍ നടന്ന ചോദ്യോത്തരം
ചീഫ് ജസ്റ്റിസ്: വ്യോമസേനയിലെ പുതിയ യുദ്ധവിമാനങ്ങള്‍ ഏതാണ്?
ചലപതി: എസ്‌യു30എംകെഐ. ഇതിന്‌റെ വിതരണം 2021 വരെ എച്ച് എ എല്‍ ആണ് വഹിക്കുന്നത്.
ചീഫ് ജസ്റ്റിസ്: ബെംഗ്‌ളുരുവിലാണോ നിര്‍മ്മിക്കുന്നത്?
ചലപതി: അല്ല, എച്ച് എ എല്ലിന്‌റെ നാസിക്ക് ഡിവിഷനിലാണ് നിര്‍മ്മിക്കുന്നത്. ചെറു യുദ്ധവിമാനങ്ങളാണ് ബെംഗ്ലുരുവില്‍ നിര്‍മ്മിക്കുന്നത്. ഞാന്‍ അത്തരം വിമാനങ്ങളുടെ പൈലറ്റായിരുന്നു. മികച്ച വിമാനങ്ങളാണവ.
ചീഫ് ജസ്റ്റിസ്: ഏത് തലമുറയിലെ വിമാനങ്ങളാണിവ?
ചലപതി: തലമുറ നിര്‍ണയിക്കാന്‍ പ്രത്യേക മാര്‍ഗ്ഗങ്ങളില്ല
ചീഫ് ജസ്റ്റിസ്: നിങ്ങള്‍ പൈലറ്റായതിനാല്‍ ഊഹം പറയാന്‍ പറ്റില്ലെ?
ചലപതി: നാലിനും മൂന്നിനും ഇടയിലാണ്. സുഖോയ് നാലാം തലമുറയാണ്, ചെറുയുദ്ധവിമാനത്തെ മൂന്നരയെന്നേ പറയാനാകു.
ചീഫ് ജസ്റ്റിസ്: ഏത് തലമുറയില്‍പ്പെട്ട യുദ്ധവിമാനങ്ങള്‍ ലോകത്തിലുണ്ട് അഞ്ചോ ആറോ?
ചലപതി: അഞ്ചാം തലമുറ വിമാനങ്ങളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇലക്ട്രോണിക്‌സ് സംവിധാനം ഉണ്ട് .
ചീഫ് ജസ്റ്റിസ്: എന്നാണ് മിറാഷ് 2000 ഉപയോഗിക്കാന്‍ തുടങ്ങിയത്?
ചലപതി: 1985ലാണ് ഉപയോഗിക്കാന്‍ തുടങ്ങിയത്.
ചീഫ് ജസ്റ്റിസ്: ഏതെല്ലാം രാജ്യങ്ങള്‍ റഫാല്‍ വിമാനം ഉപയോഗിക്കുന്നുണ്ട്?
ചലപതി: ഖത്തര്‍, ഈജിപ്റ്റ്, ഫ്രാന്‍സ്.
ചീഫ് ജസ്റ്റിസ്: എന്നാണ് അവ ഉള്‍പ്പെടുത്തിയത്?
ചലപതി: ഖത്തറില്‍ 2014ല്‍, ഈജിപ്റ്റും, ഫ്രാന്‍സും അതിന് മുന്‍പേ ഉള്‍പ്പെടുത്തി.
ചീഫ് ജസ്റ്റിസ്: നിങ്ങള്‍ക്ക് പോകാം. ഇത് വേറിട്ടൊരു യുദ്ധമേഖലയാണ്, ഇനി നിങ്ങളുടെ യുദ്ധമേഖലയിലേക്ക് പോകാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.