ന്യൂഡൽഹി: റഫാൽ ഇടപാടിൽ പങ്കാളിയെ തിരഞ്ഞെടുക്കാനുളള അവകാശം കമ്പനിക്കാണെന്ന് ഡാസോ ഏവിയേഷൻ സിഇഒ എറിക് ട്രപ്പിയർ. കരാർ ആർക്ക് നൽകണമെന്നത് കമ്പനിയുടെ തീരുമാനമാണ്. റിലയൻസിനെ പങ്കാളിയാക്കാനുളള തീരുമാനം ഡാസോ ഏവിയേഷൻ സ്വതന്ത്രമായി എടുത്തതാണ്. ഇന്ത്യയിലെ പ്രതിരോധ ചട്ടങ്ങൾ പാലിച്ചാണ് കരാർ നിശ്ചയിച്ചതെന്നും സിഇഒ എറിക് ട്രപ്പിയർ വ്യക്തമാക്കി.

ഇന്ത്യയിൽ ദീർഘകാല സാന്നിധ്യത്തിന് വേണ്ടിയാണ് റിലയൻസിനെ തിരഞ്ഞെടുത്തത്. 100 ശതമാനത്തിൽ 10 ശതമാനം മാത്രമാണ് റിലയൻസിന് നിക്ഷേപം ഉളളത്. നൂറോളം കമ്പനികളുമായി കമ്പനി ചർച്ച നടത്തുന്നുണ്ട്. ഇപ്പോഴത്തെ വിവാദങ്ങൾ നിർഭാഗ്യകരമാണെന്നും എറിക് ട്രപ്പിയർ വ്യക്തമാക്കി.

വിമാന കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്ന ഡാസോ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ലോയ്ക് സെഗ്‌ലന്റെ വെളിപ്പെടുത്തൽ ഫ്രഞ്ച് മാധ്യമം മീഡിയാപാർട് ആണ് പുറത്തുവിട്ടത് വിവാദമായിരുന്നു. ഡാസോയ്ക്കു കരാർ ലഭിക്കണമെങ്കിൽ റിലയൻസിനെ തിരഞ്ഞെടുക്കണമെന്ന ഉപാധി അംഗീകരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു സെഗ്‌ലൻ പറഞ്ഞതായാണ് മാധ്യമം പുറത്തുവിട്ട റിപ്പോർട്ട്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് രംഗത്തുവരികയും മോദി രാജി വയ്ക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇന്ത്യയും ഫ്രാൻസും തമ്മിൽ 2016 സെപ്റ്റംബറിലാണ് റഫാൽ യുദ്ധവിമാനക്കരാറിൽ ഒപ്പുവയ്ക്കുന്നത്. ഏകദേശം 59,000 കോടി രൂപയുടെ കരാർ വഴി 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുക. ആധുനിക സാങ്കേതികവിദ്യയുപയോഗിച്ചു ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ നിർമിച്ച റഫാൽ വിമാനങ്ങൾക്ക് അത്യാധുനിക മിസൈലുകൾ വഹിക്കാനാവും. വില കുറവിലൂടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞതിനാൽ കരാർ വിജയകരമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. എന്നാൽ ഇന്ത്യയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഖത്തറിന് വിമാനങ്ങൾ ലഭ്യമായതോടെയാണ് കരാർ വിവാദമായത്.

2012 ൽ മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് 126 യുദ്ധവിമാനങ്ങൾ ഫ്രാൻസിൽനിന്നും വാങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിൽ മാറ്റം വരുത്തിയാണ് മോദി സർക്കാർ വൻ തുകയ്ക്ക് 36 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടത്. 2015 ഏപ്രിലില്‍ നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനവേളയിലാണ് വിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായത്. കരാറിലൂടെ 12,000 കോ​ടി​യു​ടെ ന​ഷ്ടം രാ​ജ്യ​ത്തി​നു​ണ്ടാ​യെന്നാണ് കോൺഗ്രസ് ആരോപണം. പദ്ധതിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ റിലയന്‍സ് ഗ്രൂപ്പിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത് സംബന്ധിച്ചും കോൺഗ്രസ് ആരോപണം ഉയർത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook