ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. വ്യവസായിയായ അനില്‍ അംബാനിയെ റാഫേല്‍ ഇടപാടിലേക്ക് കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദെയുടെ വെളിപ്പെടുത്തലിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പണം അംബാനിക്ക് നല്‍കിയ മോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല, കള്ളനാണ് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

“ഫ്രഞ്ച് പ്രസിഡന്റ് ആയിരുന്ന ഫ്രാന്‍സോ ഒലാന്ദെയുമായി നടന്ന കൂടിക്കാഴ്ചക്കിടയില്‍ റിലയന്‍സിന് കരാര്‍ ഏല്‍പ്പിക്കാന്‍ പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന് വ്യക്തമാക്കിയിരിക്കുന്നത് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് തന്നെയാണ്. അഴിമതി നടന്നിട്ടുണ്ട് എന്ന കാര്യത്തില്‍ നമുക്ക് ഉറപ്പ് ലഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് തെളിഞ്ഞിരിക്കുന്നു.” രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകേണ്ട, കാവല്‍ക്കാരനാക്കിയാല്‍ മതി എന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം.

റാഫേല്‍ ഇടപാട് : റിലയന്‍സിന്റെ കടന്നുവരവ്  മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്റെ കാമുകിയുടെ സിനിമ നിര്‍മിച്ചുകൊണ്ട്

പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ റാഫേല്‍ ഇടപാടിനെ കുറിച്ചുള്ള ചോദ്യങ്ങളോട് തനിക്കറിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് അദ്ദേഹം ചെയ്തത്. അതുകഴിഞ്ഞ് നിര്‍മ്മല സീതാരാമന്‍ കണക്കുകള്‍ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ വയ്ക്കും എന്ന് ആദ്യം പറഞ്ഞിരുന്നു. എങ്കിലും പിന്നീട് അത് ദേശീയ രഹസ്യമാണെന്ന് പറഞ്ഞ് കൈകഴുകാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. “മനോഹര്‍ പരീക്കറോ നിർമ്മല സീതാരാമനോ അരുണ്‍ ജെയ്റ്റ്‌ലിയോ അല്ല, നരേന്ദ്ര മോദിയാണ് അഴിമതി കാട്ടിയതും കരാറില്‍ ഒപ്പുവച്ചതും. രാജ്യത്തെ ചെറുപ്പക്കാരുടെ കീശയില്‍ നിന്ന് 30,000കോടി രൂപ അനില്‍ അംബാനിക്ക് നല്‍കുകയായിരുന്നു നരേന്ദ്ര മോദി,” കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറഞ്ഞു.

36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷനില്‍ നിന്നും വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നിട്ടിട്ടുണ്ടെന്ന പ്രതിപക്ഷത്തിന്റെ വാദത്തിന് കരുത്ത് പകരുന്നതായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ വെളിപ്പെടുത്തല്‍. റാഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ നിര്‍ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്നാണ് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദെ പറഞ്ഞത്. ഫ്രഞ്ച് മാധ്യമമായ മീഡിയാപാര്‍ട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒരു അഭിമുഖത്തിലാണ് ഒലാന്ദെ ഇക്കാര്യം വെളിപ്പെടുത്തിയത്.

റാഫേല്‍ ഇടപാടില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; അംബാനിയെ അവതരിപ്പിച്ചത് മോദി സര്‍ക്കാരെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്

ഫ്രഞ്ച് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷനില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നിട്ടിട്ടുണ്ടെന്നാണ് പ്രതിപക്ഷ കക്ഷികള്‍ നേരത്തെ മുതല്‍ ഉന്നയിക്കുനന്‍ത്. എന്നാല്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് ഡസാള്‍ട്ട് ആണെന്നും ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്റെ വാദം.‘ഇന്ത്യന്‍ സര്‍ക്കാരാണ് ഈ ഗ്രൂപ്പിനെ പരിചയപ്പെടുത്തിയത്. റിലയന്‍സ് ഡിഫന്‍സിന്റെ ഉടമയായ അനില്‍ അംബാനി പിന്നീട് ഡസാള്‍ട്ടുമായി ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തി. ഞങ്ങള്‍ക്ക് അതില്‍ യാതൊരു റോളും ഇല്ലായിരുന്നു’, ഒലാന്ദെ പറഞ്ഞു.

റാഫേല്‍ ഇടപാടിലെ അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയെ നിയോഗിക്കണം എന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം ഉണ്ടാവുമ്പോഴും സംയുക്ത പാര്‍ലമെന്‍ററി സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തുന്നത് ബിജെപി ഭയക്കുന്നുണ്ട്. ഇത് അഴിമതി നടന്നിട്ടുണ്ട് എന്നുള്ളത് കൊണ്ടാണ് എന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

റാഫേല്‍ ഇടപാട് നടക്കുന്നതിന് ഇരുപത് ദിവസം മുന്‍പാണ് അനില്‍ അംബാനിയുടെ റിലയന്‍സ് രൂപീകരിക്കുന്നത്. അത്തരമൊരു കമ്പനിയെ കരാറിലേക്ക് കൊണ്ടുവരുന്നതില്‍ തന്നെ പ്രഥമദൃഷ്ട്യാ അഴിമതി നടന്നിട്ടുണ്ട് എന്നത് വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎല്‍) പങ്കാളിത്തത്തില്‍ നിന്നും എടുത്ത് കളഞ്ഞായിരുന്നു അംബാനിയുടെ റിലയന്‍സിനെ ബിജെപി സര്‍ക്കാര്‍ പങ്കാളികളാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ