ന്യൂഡല്‍ഹി : റാഫേല്‍ ഇടപാടിനെ ചൊല്ലി പ്രതികൂട്ടിലായിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും തുടരെ തുടരെ ആക്രമിച്ച് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ വിമര്‍ശനത്തില്‍ പ്രകോപിതരായ ബിജെപി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് നാണക്കേടാണ് എന്ന് ആരോപിച്ചപ്പോള്‍ ‘കളി തുടങ്ങിയിട്ടേയുള്ളൂ’ എന്ന് രാഹുല്‍ ഗാന്ധിയും തിരിച്ചടിച്ചു.

” അഴിമതി തുടച്ചു നീക്കും എന്ന് പറഞ്ഞ് അധികാരത്തിലേറിയയാള്‍ തന്നെയാണ് അനില്‍ അംബാനിക്ക് 30,000 കോടി രൂപ നല്‍കിയത്. കളി തുടങ്ങിയിട്ടേയുള്ളൂ. ഇനിയത് കൂടുതല്‍ രസകരമായി മാറും. റാഫേല്‍, വിജയ്‌ മല്ല്യ, ലളിത് മോദി, നോട്ട് നിരോധനം, ഗബ്ബാര്‍ സിങ് ടാക്സ്. അതെല്ലാം മോഷണമാണ്. രണ്ട് മൂന്ന് മാസത്തിനുള്ളില്‍ നരേന്ദ്ര മോദിയുടെ പ്രവര്‍ത്തികള്‍ വെളിപ്പെടും. അതോടുകൂടി കാര്യങ്ങള്‍ കൂടുതല്‍ രസകരമാകും മോദിജി കാവല്‍ക്കാരനല്ല, കള്ളനാണ്. ” രാഹുല്‍ ഗാന്ധി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

റാഫേല്‍ ഇടപാടില്‍ പ്രതികൂട്ടിലായതോടെ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയാണ് ബിജെപി നേതാക്കളും. കള്ളന്മാരുടെ കുടുമ്പത്തില്‍ നിന്നുമുള്ള രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഇതേ പ്രതീക്ഷിക്കാന്‍ പറ്റുകയുള്ളൂ എന്നാണ് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പ്രതികരിച്ചത്.

” നുണയനും ഉത്തരവാദിത്തം ഇല്ലാത്തവനുമായ രാഹുല്‍ ഗാന്ധിയാണ് അദ്ധ്യക്ഷന്‍ എന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്. ബോഫോഴ്സ് മുതല്‍ നാഷണല്‍ ഹെറാള്‍ഡ് വരെ അഴിമതിയില്‍ മൂടിയ കുടുംബത്തില്‍ നിന്നുമുള്ള ഒരു നേതാവില്‍ നിന്ന് നമുക്ക് മറ്റൊന്നും പ്രതീക്ഷിക്കാന്‍ പറ്റില്ല,” രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയെ കൊണ്ടുവന്നത് ഇന്ത്യയാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട് കഴിഞ്ഞാഴ്ച മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദെ വന്നതോടെയാണ് ബിജെപി പ്രതിക്കൂട്ടിലാകുന്നത്.

36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷനില്‍ നിന്നും വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നിട്ടിട്ടുണ്ടെന്ന പ്രതിപക്ഷത്തിന്റെ വാദത്തിന് കരുത്ത് പകരുന്നതായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ വെളിപ്പെടുത്തല്‍. റാഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ നിര്‍ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്നാണ് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദെ പറഞ്ഞത്. ഫ്രഞ്ച് മാധ്യമമായ മീഡിയാപാര്‍ട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒരു അഭിമുഖത്തിലാണ് ഒലാന്ദെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫ്രഞ്ച് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷനില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നിട്ടിട്ടുണ്ടെന്നാണ് പ്രതിപക്ഷ കക്ഷികള്‍ നേരത്തെ മുതല്‍ ഉന്നയിക്കുനന്‍ത്. എന്നാല്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് ഡസാള്‍ട്ട് ആണെന്നും ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്റെ വാദം.‘ഇന്ത്യന്‍ സര്‍ക്കാരാണ് ഈ ഗ്രൂപ്പിനെ പരിചയപ്പെടുത്തിയത്. റിലയന്‍സ് ഡിഫന്‍സിന്റെ ഉടമയായ അനില്‍ അംബാനി പിന്നീട് ഡസാള്‍ട്ടുമായി ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തി. ഞങ്ങള്‍ക്ക് അതില്‍ യാതൊരു റോളും ഇല്ലായിരുന്നു’, ഒലാന്ദെ പറഞ്ഞു.

റാഫേല്‍ ഇടപാട് നടക്കുന്നതിന് ഇരുപത് ദിവസം മുന്‍പാണ് അനില്‍ അംബാനിയുടെ റിലയന്‍സ് രൂപീകരിക്കുന്നത്. അത്തരമൊരു കമ്പനിയെ കരാറിലേക്ക് കൊണ്ടുവരുന്നതില്‍ തന്നെ പ്രഥമദൃഷ്ട്യാ അഴിമതി നടന്നിട്ടുണ്ട് എന്നത് വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎല്‍) പങ്കാളിത്തത്തില്‍ നിന്നും എടുത്ത് കളഞ്ഞായിരുന്നു അംബാനിയുടെ റിലയന്‍സിനെ ബിജെപി സര്‍ക്കാര്‍ പങ്കാളികളാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ