ന്യൂഡല്‍ഹി: രോഹിത് വെമൂലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വ്വകലാശാല പ്രഖ്യാപിച്ച 8 ലക്ഷം രൂപ നഷ്ടപരിഹാരം സ്വീകരിക്കുമെന്ന് മാതാവ് രാധിക വെമൂല വ്യക്തമാക്കി. മകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച വൈസ് ചാന്‍സലര്‍ അപ്പാറാവു തന്നെ നിശബ്ദയാക്കാനാണ് പണം തരുന്നതെന്ന് ആരോപിച്ച് നേരത്തേ നഷ്ടപരിഹാരത്തുക വാങ്ങില്ലെന്ന് രാധിക വെമൂല അറിയിച്ചിരുന്നു.

എന്നാല്‍ അപ്പാറാവുവും, ബിജെപി നേതാക്കളുമായ ബന്ധാരു ദത്താത്രേയ, രാമചന്ദര്‍ റാവു, സ്മൃതി ഇറാനി എന്നിവരുടെ പീഡനം മൂലം ആത്മഹത്യ ചെയ്ത തന്റെ മകന് നീതി കിട്ടാന് വേണ്ടിയാണ് അന്ന് പണം സ്വീകരിക്കില്ലെന്ന് പറഞ്ഞത്. എന്നാല്‍ പട്ടികജാതി കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ഈ നഷ്ടപരിഹാരത്തുക നല്‍കുന്നതെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് സ്വീകരിക്കുന്നതെന്നും രോഹിതിന്റെ മാതാവ് വ്യക്തമാക്കി.

രോഹിത് വെമുല ദളിത് വിഭാഗത്തില്‍പ്പെട്ട ആളായിരുന്നുവെന്ന് എസ് സി/ എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ പി എല്‍ പൂനിയ വ്യക്തമാക്കിയതും രാധിക ചൂണ്ടിക്കാട്ടി. രോഹിത് ദളിതല്ലെന്ന വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു അന്ന് പിഎല്‍ പൂനിയ രംഗത്തെത്തിയത്.

2016 ജനുവരി 17നാണ് ചെയ്ത രോഹിത് വെമുലയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രോഹിത് ഉള്‍പ്പെടെയുള്ള അഞ്ച് ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ച സര്‍വ്വകലാശാല ഇവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരുന്നു ഇതാണ് മരണത്തിന് പിന്നിലെന്നാണ് സഹപാഠികളുടെ പക്ഷം. എന്നാല്‍ സംഭവത്തെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്ക് അയവുവരാത്ത സാഹചര്യത്തില്‍ ആരോപണ വിധേയരായ കേന്ദ്രമന്ത്രിമാരെ സുരക്ഷിതരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രോഹിത് ദളിത് വിഭാഗത്തില്‍പ്പെട്ടതല്ലെന്ന അവകാശ വാദവുമായി നേരത്തെ തന്നെ കേന്ദ്രം രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ