ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വ്യോമ സേന നടത്തിയ മിന്നലാക്രമണത്തില്‍, ജെയ്‌ഷെ മുഹമ്മദിന്റെ നാല് കെട്ടിടങ്ങള്‍ തകര്‍ന്നതായി ഔദ്യോഗിക അറിയിപ്പ്. റഡാറില്‍ ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം.

സാങ്കേതിക സഹായങ്ങളുടെ പരിമിതികള്‍ മൂലം ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള ഏതെങ്കിലും തരത്തിലുള്ള വിലയിരുത്തലുകള്‍ തീര്‍ത്തും ഊഹാപോഹങ്ങളാണെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

വ്യോമസേനയും മിറാഷ് 2000 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നാല് കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ചിത്രങ്ങളും തെളിവുകളും ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. ജെയ്‌ഷെ മുഹമ്മദ് നടത്തുന്ന മദ്രസയ്ക്കകത്തുള്ള കെട്ടിടങ്ങളാണ് തകര്‍ന്നത്.

ഈ ഭാഗത്താണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത് എന്ന വാര്‍ത്ത പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിരുന്നെങ്കിലും അവിടെ ഭീകര കേന്ദ്രങ്ങള്‍ ഉണ്ടായിരുന്ന വാര്‍ത്തയും അവ തകര്‍ന്ന വാര്‍ത്തയും നിഷേധിച്ചിരുന്നു.

‘എന്തിനാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് ശേഷം പാക്കിസ്ഥാന്‍ സൈന്യം മദ്രസ മുദ്രവച്ചത്? എന്തുകൊണ്ടാണ് അവര്‍ മാധ്യമപ്രവ്രര്‍ത്തകരെ മദ്രസ സന്ദര്‍ശിക്കാന്‍ അനുവദിക്കാതിരുന്നത്? ഞങ്ങളുടെ കൈയ്യില്‍ തെളിവുകളുണ്ട്. ആ കെട്ടിടങ്ങള്‍ മൗലാന മസൂദ് അസറിന് താമസിക്കാനുള്ള അതിഥി കേന്ദ്രമായും, എല്‍ രൂപത്തിലുള്ള കെട്ടിടം പരിശീലനം നടത്തുന്നവര്‍ക്ക് താമസിക്കാനും, മറ്റൊന്ന് സെമിനാരിയില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ളതും, മറ്റൊരു കെട്ടിടം പരിശീലനം നേടുന്നവര്‍ക്കായുള്ളതുമായിരുന്നു. ഈ നാല് കെട്ടിടങ്ങളാണ് തകര്‍ത്തത്,’ ഒരു ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നാല്‍ ഈ ചിത്രങ്ങള്‍ പുറത്തു വിടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഉപഗ്രഹ ചിത്രങ്ങളുടെ അത്ര വ്യക്തത എസ്എആര്‍ ചിത്രങ്ങള്‍ക്കില്ലെന്നും കനത്ത മേഘങ്ങള്‍ ഉള്ളതിനാല്‍ ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമായില്ലെന്നും അവ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പരിഹാരമായേനെ എന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook