ചെന്നൈ: യുവ റേസിങ് താരം അശ്വിൻ സുന്ദറും ഭാര്യ നിവേദിതയും കാറപകടത്തിൽ മരിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബിഎംഡബ്ള്യു കാർ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. ചെന്നൈയിലെ പട്ടണപ്പാക്കത്തിന് സമീപം പുലർച്ചെയായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറാണ് നിവേദിത.

അമിത വേഗത്തിലായിരുന്നു അശ്വിൻ വാഹനമോടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് സ്ഥലത്തെത്തിയ ഒരാൾ ദൃശ്യങ്ങൾ ഫെയ്‌സ്ബുക്ക് ലൈവായി പകർത്തിയിരുന്നു.. ഇതിൽ അപകട സ്ഥലത്തുണ്ടായിരുന്നവർ ഓടിക്കൂടുന്നതും രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നതും കാണാം. എന്നാൽ അതിന് മുൻപ് കാർ വൻ ശബ്ദത്തോടെ തീ പിടിച്ച് കത്തിയമരുന്നതും ദൃശ്യത്തിലുണ്ട്.

മൈലാപ്പൂരിൽ നിന്നുമെത്തിയ അഗ്നി ശമന യൂണിറ്റാണ് അരമണിക്കൂർ കൊണ്ട് തീ അണച്ചത്. കാർ പൊളിച്ചാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി റോയ്പേട്ട ആശുപത്രിയിലേക്ക് മാറ്റി.

14-ാം വയസ് മുതൽ റേസിങ് രംഗത്തുളള താരമാണ് അശ്വിൻ.2013, 2014 വർഷങ്ങളിൽ എഫ് ഫോർ കാറ്റഗറിയിൽ ദേശീയ തലത്തിൽ ചാമ്പ്യനായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ