ന്യൂഡൽഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ രാം സേവക് ശർമയുടെ കാലാവധി കേന്ദ്ര സർക്കാർ നീട്ടിനൽകി. 2020 സെപ്റ്റംബര്‍ 30 വരെയാണ് കാലാവധി നീട്ടിയത്. ആധാർ ചലഞ്ചിലൂടെ ഹാക്കർമാരുടെ പണിമേടിച്ചു പുലിവാലു പിടിച്ചയാളാണ് ശര്‍മ.
ഈ ആഴ്ച കാലാവധി അവസാനിക്കാനിരിക്കെയാണ് രണ്ടു വർഷം കൂടി നീട്ടിനൽകിയത്. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. വിരമിക്കലിനു തൊട്ടുമുന്‍പ് 2015-ലാണ് ശർമയെ കേന്ദ്ര സർക്കാർ മൂന്നു വർഷത്തേക്കു ട്രായ് ചെയർമാനായി നിയമിക്കുന്നത്.
അടുത്തിടെ ട്വിറ്ററിൽ തന്റെ ആധാർ നന്പർ പരസ്യപ്പെടുത്തി മുൻ ഐഎഎസ് ഓഫീസറായ ശർമ വിവാദത്തിലായിരുന്നു. ഈ നന്പർ ഉപയോഗിച്ച് തനിക്ക് ദോഷം ചെയ്യാൻ കഴിയുമെന്നു തെളിയിക്കാനായിരുന്നു ശർമയുടെ വെല്ലുവിളി. വെല്ലുവിളി ഏറ്റെടുത്ത ഓണ്‍ലൈൻ ഹാക്കർമാർ ശർമയുടെ മൊബൈൽ നന്പരും പാൻകാർഡ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്തി ട്വിറ്ററിൽ പരസ്യപ്പെടുത്തി.
ഇതിന് പിന്നാലെ ആധാർ നമ്പർ പങ്കുവയ്ക്കരുതെന്ന് യുഐഎഡിഐയുടെ നിർദ്ദേശം പുറത്ത് വന്നിരുന്നു. ആധാർ നമ്പർ പങ്കുവയ്ക്കുന്നത് കുറ്റകരമാണെന്നും യുഐഎഡിഐ വ്യക്തമാക്കിയിരുന്നു.