അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപത്തിന്റെ ഓർമച്ചിത്രമായി മാറിയ അശോക് പാര്‍മര്‍ എന്ന അശോക് മോച്ചി പുതിയ ജീവിതത്തിലേക്ക്. അഹമ്മദാബാദില്‍ പുതിയ ചെരുപ്പ്കട തുറന്നിരിക്കുകയാണ് മോച്ചി. നാട മുറിച്ച് കടയുടെ ഉദ്ഘാടനം നിർവഹിച്ചത് കുത്തുബുദീന്‍ അന്‍സാരിയായിരുന്നു. ഇരുവരുടേയും ചിത്രങ്ങള്‍ കലാപത്തിന്റെ ഭീകരതയെ അടയാളപ്പെടുത്തുന്നതായിരുന്നു. അന്ന് ഇരയുടെ മുഖമായിരുന്നു ഇന്‍സാരിക്ക്. മോച്ചിക്ക് വേട്ടക്കാരന്റേയും.

ഡല്‍ഹി ദർവാസയിൽ കഴിഞ്ഞ 25 കൊല്ലമായി ചെരുപ്പുകുത്തിയായിരുന്നു മോച്ചി. കേരളത്തിൽനിന്നും എക്താ ചപ്പല്‍ ഗര്‍ എന്ന മോച്ചിയുടെ കടയ്ക്കായി പണം സ്വരൂപിച്ച് നല്‍കിയത് സിപിഎമ്മും കണ്ണൂരിലെ പാര്‍ട്ടിയുടെ കരുത്തനായ നേതാവ് പി.ജയരാജനുമാണ്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.ജയരാജന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രണ്ടു പേരും വടകരയിലെത്തിയിരുന്നു.

കലാപത്തിനിടെ സഹായത്തിനായി കൈകൂപ്പി നില്‍ക്കുന്ന അന്‍സാരിയുടെ ചിത്രം ഒരിക്കലും മായാത്ത ഓർമയാണ്. രക്തക്കറയുള്ള അന്‍സാരിയുടെ വസ്ത്രവും നിറകണ്ണുകളും കലാപത്തിന്റെ ഇരകളുടെ വേദനകള്‍ വിളിച്ചു പറയുന്നതായിരുന്നു. പിന്നാലെ ബംഗാളിലേക്ക് പലായനം ചെയ്ത അന്‍സാരി കലാപത്തിന്റെ തീ കെട്ടടങ്ങിയതോടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. വീട്ടില്‍ തന്നെ ട്രെയ്‌ലറിങ് ജോലികള്‍ ചെയ്യുകയാണ് അദ്ദേഹമിപ്പോള്‍.

”ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. അശോക് തന്റെ കട ഉദ്ഘാടനം ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെടുകയായിരുന്നു. അവന്‍ നന്നായി ജീവിക്കുന്നതിനേക്കാള്‍ വലുതായി എനിക്കെന്ത് വേണം. അവന്റെ കടയില്‍ നിന്നും ഞാനൊരു ജോഡി ചെരുപ്പും വാങ്ങിയിട്ടുണ്ട്. കടയുടെ ബിസിനസ് വളരട്ടെ എന്നാശംസിക്കുന്നു” അന്‍സാരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook