scorecardresearch

ക്രിസ്ത്യന്‍,ഇസ്ലാം മതങ്ങളിലേക്ക് മാറിയ പട്ടികജാതിക്കാരുടെ അവസ്ഥ പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ കേന്ദ്രം

ദലിതര്‍ക്കുള്ള പട്ടികജാതി സംവരണ ആനുകൂല്യങ്ങളെക്കുറിച്ചുള്ള ചോദ്യം മുന്‍ സര്‍ക്കാരുകള്‍ക്ക് മുമ്പിലും ഉയര്‍ന്നുവന്നിട്ടുണ്ട്.

ക്രിസ്ത്യന്‍,ഇസ്ലാം മതങ്ങളിലേക്ക് മാറിയ പട്ടികജാതിക്കാരുടെ അവസ്ഥ പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി:ഹിന്ദു, ബുദ്ധമതം, സിഖ് മതങ്ങള്‍ ഒഴികെയുള്ള മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം പഠിക്കാന്‍ ദേശീയ കമ്മീഷനെ രൂപീകരിക്കാന്‍ കേന്ദ്രം. കമ്മീഷന്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രത്തിന്റെ സജീവ ചര്‍ച്ചയിലാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട്.

വിഷയം പഠിക്കാന്‍ കമ്മീഷനെ നിയമിക്കാനുള്ള നീക്കങ്ങള്‍ക്ക് അനുമതി ലഭിച്ചതായി ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെയും പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പിലെയും (ഡിഒപിടി) വൃത്തങ്ങള്‍ പറഞ്ഞു. ആഭ്യന്തരം, നിയമം, സാമൂഹ്യനീതി, ശാക്തീകരണം, ധനകാര്യ മന്ത്രാലയങ്ങള്‍ക്കിടയില്‍ ഈ നിര്‍ദ്ദേശത്തില്‍ കൂടിയാലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അറിയുന്നു.

ക്രിസ്ത്യാനികളോ ഇസ്ലാമോ ആയ ദളിതര്‍ക്ക് പട്ടികജാതി സംവരണ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരമൊരു കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കം പ്രാധാന്യമര്‍ഹിക്കുന്നു. ഭരണഘടന (പട്ടികജാതി) ഉത്തരവ്, 1950, ആര്‍ട്ടിക്കിള്‍ 341 പ്രകാരം ഹിന്ദു മതം, സിഖ് മതം, ബുദ്ധമതം എന്നിവയില്‍ നിന്ന് വ്യത്യസ്തമായ ഒരു മതം വിശ്വസിക്കുന്ന ഒരു വ്യക്തിയെയും പട്ടികജാതിയിലെ അംഗമായി കണക്കാക്കാന്‍ കഴിയില്ല. ഹിന്ദുക്കളെ മാത്രം പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന യഥാര്‍ത്ഥ ഉത്തരവില്‍ 1956 ല്‍ സിഖുകാരെ ഉള്‍പ്പെടുത്താനും 1990-ല്‍ ബുദ്ധമതക്കാരെ ഉള്‍പ്പെടുത്താനും ഭേദഗതി ചെയ്തിരുന്നു.

വിഷയത്തില്‍ സുപ്രീംകോടതിയില്‍ വിവിധ ഹര്‍ജിക്കാര്‍ ഉണ്ടായ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കുമെന്ന് ഓഗസ്റ്റ് 30-ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ചിരുന്നു. സോളിസിറ്റര്‍ ജനറലിന് മൂന്നാഴ്ചത്തെ സമയം അനുവദിച്ച ബെഞ്ച് ഒക്ടോബര്‍ 11ന് കേസ് പരഗണിക്കാന്‍ മാറ്റി.

നിര്‍ദിഷ്ട കമ്മീഷനില്‍ മൂന്നോ നാലോ അംഗങ്ങളും കേന്ദ്ര ക്യാബിനറ്റ് മന്ത്രി പദവിയുള്ള ചെയര്‍മാനും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുക്കുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് വ്യക്തമാക്കുന്നു. ക്രിസ്ത്യാനിറ്റിയിലേക്കോ ഇസ്ലാം മതത്തിലേക്കോ പരിവര്‍ത്തനം ചെയ്ത ദലിതരുടെ നിലയിലും സാഹചര്യത്തിലും വന്ന മാറ്റത്തിന് പുറമെ, നിലവിലെ പട്ടികജാതി പട്ടികയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ പ്രത്യാഘാതവും നിര്‍ദ്ദിഷ്ട കമ്മീഷന്‍ പഠിക്കും. എസ്ടികള്‍ക്കും ഒബിസികള്‍ക്കും പ്രത്യേക മതപരമായ ഉത്തരവില്ലാത്തതിനാല്‍ വിഷയം ദളിതര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ”പട്ടികവര്‍ഗത്തില്‍പ്പെട്ട ഒരു വ്യക്തിയുടെ അവകാശങ്ങള്‍ അവന്റെ/അവളുടെ മതവിശ്വാസത്തില്‍ നിന്ന് സ്വതന്ത്രമാണ്,” ഡിഒപിടി വെബ്‌സൈറ്റ് പ്രസ്താവിക്കുന്നു. കൂടാതെ, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിന് ശേഷം, ഒബിസികളുടെ കേന്ദ്ര-സംസ്ഥാന പട്ടികകളില്‍ നിരവധി ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ ഇടം നേടിയിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തിന് ലഭ്യമായ പ്രധാന ആനുകൂല്യങ്ങളില്‍ ഒന്നാണ് കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ നേരിട്ടുള്ള റിക്രൂട്ട്മെന്റിന് 15 ശതമാനം സംവരണം, എസ്ടികള്‍ക്ക് 7.5 ശതമാനവും ഒബിസികള്‍ക്ക് 27 ശതമാനം സംവരണവുമാണ്. പ്രധാനമായും ക്രിസ്ത്യാനികളിലേക്കോ ഇസ്ലാം മതത്തിലേക്കോ പരിവര്‍ത്തനം ചെയ്ത ദലിതര്‍ക്കുള്ള പട്ടികജാതി സംവരണ ആനുകൂല്യങ്ങളെക്കുറിച്ചുള്ള ചോദ്യം മുന്‍ സര്‍ക്കാരുകള്‍ക്ക് മുമ്പിലും ഉയര്‍ന്നുവന്നിട്ടുണ്ട്.

2004 ഒക്ടോബറില്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള അന്നത്തെ യു പി എ സര്‍ക്കാര്‍, മതപരവും ഭാഷാപരവുമായ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനായി മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്രയുടെ നേതൃത്വത്തില്‍ മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ രൂപീകരിച്ചു.

2007 മെയ് മാസത്തില്‍, രംഗനാഥ് മിശ്ര കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, പട്ടികജാതി പദവി പൂര്‍ണ്ണമായും മതത്തില്‍ നിന്ന് വേര്‍പെടുത്തണമെന്നും എസ്ടികളെപ്പോലെ മത പക്ഷാപാതമില്ലാതെയാക്കണമെന്നും ശുപാര്‍ശ ചെയ്തു. എന്നാല്‍ ഫീല്‍ഡ് സ്റ്റഡീസിലെ അഭാവം ചൂണ്ടികാട്ടി അന്നത്തെ യുപിഎ സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ചില്ല.

2007ല്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയോഗിച്ച ഒരു പഠനം ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ലീങ്ങള്‍ക്കും പട്ടികജാതി പദവി നല്‍കേണ്ടതുണ്ടെന്ന് നിഗമനത്തിലെത്തി. ആ കണ്ടെത്തലും വിശ്വസനീയമല്ലാത്ത കണക്കുകളിലേക്ക് നയിച്ചേക്കാവുന്ന ചെറിയ സാമ്പിള്‍ എന്ന്
ചൂണ്ടികാട്ടി അംഗീകരിക്കപ്പെട്ടില്ല. വിഷയം പ്രധാനമാണെങ്കിലും അതിന്റെ വിവിധ വശങ്ങള്‍ പഠിച്ച് വ്യക്തമായ നിലപാടിലെത്താന്‍ കൃത്യമായ ഡാറ്റ ലഭ്യമല്ലെന്ന ചിന്തയാണ് കമ്മീഷന്‍ രൂപീകരിക്കാനുള്ള ഏറ്റവും പുതിയ നിര്‍ദ്ദേശം വന്നതെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Quotas govt to set up panel to study status of scheduled castes converts to christianity and islam