ന്യൂഡൽഹി: ക്വിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ 75ാം ശതാബ്ദിയാഘോഷത്തിനിടെ ഇന്ത്യയിൽ മതേരത്വവും അഭിപ്രായ സ്വാതന്ത്ര്യവും ഭീഷണി നേരിടുന്നതായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് രാജ്യസഭയിൽ നൽകിയ മറുപടി പ്രസംഗത്തിലാണ് സോണിയ ഗാന്ധി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.

“ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രാഷ്ട്രീയമാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. നമ്മൾ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നുണ്ടെങ്കിൽ അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികളെ നമ്മൾ തോൽപ്പിച്ചേ പറ്റൂ,” സോണിയ ഗാന്ധി വിശദീകരിച്ചു.

“സ്വാതന്ത്ര്യ സമര കാലത്ത് പല സംഘടനകളും ക്വിറ്റ് ഇന്ത്യ മൂവ്മെന്റിനെ എതിർത്തിരുന്നു. അത്തരം സംഘടനകൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കുമില്ല. സ്വാതന്ത്ര്യ സമര ഭടന്മാർക്ക് നേരെ പല ഭാഗത്ത് നിന്നും എതിർപ്പുകളും മർദ്ദനങ്ങളും ഉണ്ടായിരുന്നു. അവരതിലൊന്നും തോറ്റ് പിന്മാറിയില്ല.” സോണിയ പറഞ്ഞു.

“ഇന്ത്യ വീണ്ടും ഇരുണ്ട കാലഘട്ടത്തിലേക്ക് പോവുകയാണോ എന്ന ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്. കറുത്ത ശക്തികൾ വീണ്ടും തല ഉയർത്തി മുന്നോട്ട് വരികയാണ്. ഇന്ത്യയുടെ ജനാധിപത്യം തന്നെ ഇല്ലാതാക്കപ്പെടാൻ പോവുകയാണോ തുടങ്ങിയ സംശയങ്ങൾ ഉയരുന്നുണ്ട്”, സോണിയ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ