ന്യൂഡൽഹി: പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തില്‍ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രതിപക്ഷ അംഗങ്ങൾക്ക് സമ്പദ്വ്യവസ്ഥയെക്കുറിച്ചും കൊറോണ വൈറസ് മഹാമാരിയെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരം നിഷേധിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
സെപ്റ്റംബര്‍ 14ന് ആരംഭിക്കുന്ന വർഷകാല സമ്മേളനം ഒക്ടോബർ ഒന്നിനാണ് അവസാനിക്കുക. സഭ സമ്മേളിക്കുന്ന പതിനാലിന് ലോക്സഭ രാവിലെ ഒൻപതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും രാജ്യസഭ മൂന്ന് മുതല്‍ ഏഴു വരെയും ചേരും. പിന്നീടുള്ള ദിവസങ്ങളില്‍ രാജ്യസഭ രാവിലെയും ലോക്സഭ ഉച്ചയ്ക്ക് ശേഷവും ചേരാനാണ് തീരുമാനം.
Read More: അയോധ്യയിലെ പള്ളിസമുച്ചയത്തില്‍ ആശുപത്രിയും; രൂപകല്‍പ്പന ജാമിയ മില്ലിയ പ്രൊഫസര്‍
ലോക്സഭയും രാജ്യസഭാ സെക്രട്ടേറിയറ്റുകളും പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം, ചോദ്യോത്തര വേളയും, പ്രൈവറ്റ് മെമ്പർ ബിസിനസും വേണ്ടെന്നാണ് തീരുമാനം. ഇതിനു പുറമേ ശൂന്യവേള അരമണിക്കൂറായി ചുരുക്കുകയും ചെയ്തു.
“എംപിമാർ 15 ദിവസം മുമ്പായി പാർലമെന്റിൽ ചോദ്യോത്തര വേളയ്ക്കായി ചോദ്യങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. സെഷൻ സെപ്റ്റംബർ 14-ന് ആരംഭിക്കും. അതിനാൽ ചോദ്യം ചോദിക്കാനുള്ള സമയം റദ്ദാക്കിയോ? പ്രതിപക്ഷ എംപിമാർക്ക് സർക്കാരിനെ ചോദ്യം ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുന്നു. 1950 ന് ശേഷം ആദ്യമായല്ലേ ഇങ്ങനെ? പാർലമെന്റിന്റെ മൊത്തത്തിലുള്ള പ്രവൃത്തി സമയം അതേപടി നിലനിൽക്കുമ്പോഴും ചോദ്യോത്തര വേള റദ്ദാക്കുന്നത് എന്തുകൊണ്ടാണ്?. മഹാമാരി ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള അവസരമായി ഉപയോഗിക്കുകയാണ് സർക്കാർ,’ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം ഡെറിക് ഒ ബ്രിയണ്‍ ട്വിറ്ററിൽ കുറിച്ചു.
MPs required to submit Qs for Question Hour in #Parliament 15 days in advance. Session starts 14 Sept. So Q Hour cancelled ? Oppn MPs lose right to Q govt. A first since 1950 ? Parliament overall working hours remain same so why cancel Q Hour?Pandemic excuse to murder democracy
— Derek O’Brien | ডেরেক ও’ব্রায়েন (@derekobrienmp) September 2, 2020
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കര്‍ശന വ്യവസ്ഥകളോടെയാണ് വര്‍ഷകാല സമ്മേളനം നടത്താനാണ് തീരുമാനം. സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പേ അംഗങ്ങള്‍ പരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പാക്കണം. വിശദമായ പ്രോട്ടോകോള്‍ ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത് ഉടന്‍ പ്രസിദ്ധീകരിക്കും.
Read More: Question Hour suspended to deny opposition MPs chance to ask questions on economy, pandemic: TMC MP
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook