ന്യൂഡല്‍ഹി: ബോളിവുഡില്‍ താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയും നടന്‍ നാന പടേക്കറിനും സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത നടി തനുശ്രീ ദത്തയ്ക്ക് നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ പലരും തങ്ങളുടെ അനുഭവങ്ങളും വെളിപ്പെടുത്തി. #മീടൂ ക്യാംപെയിനിന്റെ ഭാഗമായി ഇപ്പോള്‍ സംവിധായകനായ വികാസ് ബഹലിനും എഴുത്തുകാരനായ ചേതന്‍ ഭഗതിനും എതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതികള്‍. കൂടാതെ ടൈംസ് ഓഫ് ഇന്ത്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഗൗതം അധികാരിക്ക് എതിരേയും യുവതി രംഗത്തെത്തിയിട്ടുണ്ട്.

അനുരാഗ് കശ്യപ്, വിക്രമാധിത്യ മോട്ട്വാണി, മധു മന്റേന, വികാസ് ബഹല്‍ എന്നിവര്‍ സ്ഥാപിച്ച ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയിലെ മുന്‍ ജീവനക്കാരിയാണ് ബഹലിനെതിരെ രംഗത്തെത്തിയത്. 2015 മെയില്‍ ഗോവയിലെ ഒരു ഹോട്ടലില്‍ വച്ച് ക്വീന്‍ സംവിധായകനായ ബഹല്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. കശ്യപിനോട് ഈ വിവരം പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് യുവതി വ്യക്തമാക്കി. 2017ലാണ് യുവതി കമ്പനി വിട്ടത്. സംഭവം നടന്നതാണെന്ന് കശ്യപ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം പ്രമേയമാക്കിയ ചിത്രമായ ക്വീനിന്റെ സംവിധായകനാണ് ബഹല്‍. ബോളിവുഡില്‍ നിന്ന് അടക്കമുളള നിരവധി പേര്‍ യുവതിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ചേതന്‍ ഭഗതിനെതിരെ ഒരു യുവതി ചാറ്റ് സ്ക്രീന്‍ഷോട്ടുകളാണ് പുറത്തുവിട്ടത്. വിവാഹിതനായിരുന്നിട്ടും യുവതിയോട് പ്രേമാഭ്യര്‍ത്ഥന നടത്തുകയാണ് ചേതന്‍ ഭഗത്. സ്ക്രീന്‍ഷോട്ട് പുറത്തുവന്നതോടെ ഭഗത് ക്ഷമാപണവുമായി രംഗത്തെത്തി. ക്ഷമാപണം നടത്തുന്നതായും പെണ്‍കുട്ടിയോട് എന്തെന്നില്ലാത്ത അടുപ്പം തോന്നിയെന്നും ചേതന്‍ പറഞ്ഞു. ശാരീരികമായ യാതൊരും ബന്ധവും താന്‍ ഉദ്ദേശിച്ചില്ലെന്നും അശ്ലീലമായ സന്ദേശങ്ങള്‍ അയച്ചില്ലെന്നും ചേതന്‍ പറഞ്ഞു. യുവതിയോടും തന്റെ ഭാര്യയോടും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ക്ഷമാപണം നടത്തി.

ഡിഎന്‍എയുടെ എഡിറ്ററായ ഗൗതം അധികാരി സമ്മതമില്ലാതെ ചുംബിച്ചെന്നാണ് വനിതാ മാധ്യമപ്രവര്‍ത്തക തുറന്നു പറഞ്ഞത്. എന്നാല്‍ തനിക്ക് സംഭവം ഓര്‍മ്മയില്ലെന്നാണ് ഗൗതം വ്യക്തമാക്കിയത്. ബഹുമാനത്തോടെ താന്‍ കണ്ട ജീവനക്കാരിയാണ് അവരെന്നും സംഭവം തനിക്ക് ഓര്‍മ്മയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ റെസിഡന്റ് എഡിറ്ററായ കെ.ആര്‍.ശ്രീനിവാസിനു നേരെ ലൈംഗിക ആരോപണവുമായി ഒന്നില്‍ കൂടുതല്‍ യുവതികളാണ് രംഗത്തെത്തിയത്.

10 വര്‍ഷം മുമ്പ് താന്‍ ഒരു ഗാനചിത്രീകരണത്തിനിടെ ഒരു നടനില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ബോളിവുഡില്‍ ആരും തന്നെ പിന്തുണച്ചില്ലെന്നും ആ നടന്‍ നാന പടേക്കര്‍ ആണെന്നും തനുശ്രീ ദത്ത പറഞ്ഞത് വലിയ സ്‌ഫോടനമാണ് ഇന്‍ഡസ്ട്രിയിലുണ്ടാക്കിയിരിക്കുന്നത്. ബോളിവുഡില്‍ മുഴുവന്‍ കാപട്യക്കാരാണെന്നും ലൈംഗിക പീഡനവും ചൂഷണവും തുറന്നുപറയുന്ന മീ ടൂ കാംപെയിന്‍ ഇവിടെ സാധ്യമല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. സംവിധായകന്‍ വിവേക് അഗ്നിഹോത്രി തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായും നടന്മാരായ ഇര്‍ഫാന്‍ ഖാനും സുനില്‍ ഷെട്ടിയുമാണ് രക്ഷിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു. നാന പടേക്കറിന്റെ ആവശ്യപ്രകാരം എംഎന്‍എസ് ഗുണ്ടകള്‍ തന്നേയും കുടുംബത്തേയും ആക്രമിച്ചതായും തനുശ്രീ ദത്ത ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook