ന്യൂഡൽഹി: ഭൂപരിധിയുടെ അഖണ്ഡതയെ ഇന്ത്യ ബഹുമാനിക്കുന്നെന്നും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ജാപ്പനീസ് തലസ്ഥാനം ടോക്യോയിൽ ഇന്ത്യ-ജപ്പാൻ-യുഎസ്-ഓസ്ട്രേലിയ ചതുർ രാഷ്ട്ര സഖ്യത്തിന്റെ (ക്വാഡ്) മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ-ചൈന അതിർത്തി പ്രശ്നം തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
“നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം” ഉയർത്തിപ്പിടിക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. “നിയമവാഴ്ച, സുതാര്യത, അന്താരാഷ്ട്ര സമുദ്രങ്ങളിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, പ്രാദേശിക സമഗ്രതയിലും പരമാധികാരതിതലുമുള്ള ബഹുമാനം, തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നിവ ഉൾചേർന്ന നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” ജയ്ശങ്കർ പറഞ്ഞു.
Read More: ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജം: വ്യോമസേനാ മേധാവി
‘ക്വാഡ്’ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ടോക്യോയിൽ ചേർന്നത്. ലഡാക്ക് മേഖലയിലെ പ്രശ്നങ്ങൾ, ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് സാന്നിദ്ധ്യം സംബന്ധിച്ച ആശങ്കകൾ എന്നിവ നിലനിൽക്കവേയാണ് ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, യുഎസ് വിദേശകാര്യ മന്ത്രിമാർ യോഗം ചേരുന്നത്. തങ്ങളുടെ വികസനത്തെ തടയാനുള്ള ശ്രമമെന്ന് ക്വാഡ് സഖ്യ രൂപീകരണത്തെ ചൈന കുറ്റപ്പെടുത്തിയിരുന്നു.
ഇന്ത്യൻ വിദേശകാര്യമന്ത്രിയെ കൂടാതെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ, ജപ്പാനിലെ തോഷിമിറ്റ്സു മോടെഗി എന്നിവരും ക്വാഡ് യോഗത്തിൽ പങ്കെടുത്തു.
Read More: ജൂലൈയോടെ 25 കോടി പേർക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കാനാവുമെന്ന് മന്ത്രി ഹർഷ് വർധൻ
“സ്വതന്ത്രവും തുറന്നതും സമന്വയിപ്പിച്ചതുമായ ഇന്തോ-പസഫിക് മേഖല നിലനിർത്തേണ്ടതിന്റെ പ്രാധാന്യം നമ്മുടെ രാജ്യങ്ങൾ കൂട്ടായി അംഗീകരിച്ചതാണ്,” ജയ്ശങ്കർ ചടങ്ങിൽ പറഞ്ഞു. ഇന്തോ-പസിഫിക് എന്ന ആശയം കൂടുതൽ സ്വീകാര്യത നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“മേഖലയിൽ നിയമാനുസൃതവും സുപ്രധാനവുമായ താൽപ്പര്യങ്ങളുള്ള എല്ലാ രാജ്യങ്ങളുടെയും സുരക്ഷയും സാമ്പത്തിക താൽപ്പര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുകയാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ ജയ്ശങ്കർ സന്ദർശിക്കുകയും ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ഇന്തോ-പസഫിക് മേഖലയിലെ സഹകരണം കൂടുതൽ ഊർജ്ജിതമാക്കുന്നതിനുള്ള വഴികളെക്കുറിച്ചും സംസാരിക്കുകയും ചെയ്തിരുന്നു.
ദീർഘകാലമായി ക്വാഡ് സഖ്യം രൂപീകരിക്കാനുള്ള ചർച്ച നടന്നിരുന്നെങ്കിലും 2017 നവംബറിലാണ് ഇത് അന്തിമ രൂപം കൊണ്ടത്. രണ്ടാമത്തെ ക്വാഡ് യോഗമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ന്യൂയോർക്കിലായിരുന്നു ആദ്യ യോഗം.
Read More: Jaishankar at Quad meet: India committed to respecting territorial integrity