ന്യൂഡൽഹി: നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ പുത്തൻ സാങ്കേതികവിദ്യയാണ് ക്യുആർ കോഡുകൾ അല്ലെങ്കിൽ ക്വിക്ക് റെസ്പോൺസ് കോഡുകൾ. വിവരങ്ങൾ അതിവേഗം ലഭിക്കുന്നതിനുള്ള വഴി കൂടിയാണിതെന്നത് ശ്രദ്ധേയം. ഇന്ന് മിക്ക ഉൽ‌പ്പന്നങ്ങളും സേവനങ്ങളും ഒരു ക്യുആർ കോഡ് വഴി ബന്ധിപ്പിച്ചിരിക്കുന്നു.  വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് പോലെ ലളിതമാണ് ഇവ. ഇത് സ്കാൻ ചെയ്യുന്നതിലൂടെ അനുബന്ധ വിവരങ്ങൾ വെളിപ്പെടുത്തുന്നു.

പൊതുഗതാഗതം ട്രാക്ക് ചെയ്യുന്നത്, ഭക്ഷ്യവസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയുൾപ്പടെയുള്ള കാര്യങ്ങൾ ഇന്ന് ക്യുആർ കോഡിലൂടെ സാധ്യമാണ്. എന്നാൽ മറ്റ് തലങ്ങളിലേക്കും ഈ സാങ്കേതികവിദ്യ സ്ഥാനംപിടിക്കുയാണ്.  ഡൽഹി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ക്യുആർ കോഡ് ഉപയോഗിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഡൽഹി തിരഞ്ഞെടുപ്പിൽ ക്യുആർ കോഡ്

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒറ്റ ഘട്ടമായി ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 11ന് വോട്ടെണ്ണൽ നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

വോട്ടർ സ്ലിപ്പിൽ ആദ്യമായി ക്യുആർ കോഡ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ തിരഞ്ഞെടുപ്പാകും വരാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പ്. വോട്ടർമാരെ എളുപ്പത്തിലും വേഗത്തിലും തിരിച്ചറിയാൻ ക്യുആർ കോഡുകൾ സഹായിക്കും.

Read Also: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; വോട്ടെണ്ണൽ 11ന്

ദ്വിമാന ബാർ കോഡ് വായിക്കാൻ കഴിയുന്ന നിർദിഷ്ട മെഷീനുകളായിരുന്നു നേരത്തെ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് എല്ലാ സ്മാർട്ട്‌ഫോണുകളിലും ക്യുആർ കോഡുകൾ സ്കാൻ ചെയ്യാൻ കഴിയും. ഈ  രീതിയിലേക്ക് ചുവടുവയ്ക്കാമെന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. അതിനാൽ വോട്ടർമാർക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ പോളിങ് ബൂത്തുകളിലേക്ക് കൊണ്ടുപോകാൻ സാധിക്കും. എങ്കിലും നിലവിലുള്ള തിരഞ്ഞെടുപ്പ് സംവിധാനത്തിൽ​ ഇത് എങ്ങനെ നടപ്പാകുമെന്ന് കണ്ടറിയണം.

ക്യുആർ കോഡ് എങ്ങനെ പ്രവർത്തിക്കും

ഈ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടുത്തം വോട്ടർമാരുടെ സ്ലിപ്പുകളിലെ ക്യുആർ കോഡ് റീഡിംഗ് വോട്ടെടുപ്പ് പ്രക്രിയയെ വേഗത്തിലാക്കുമെന്ന് മുതിർന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ പറഞ്ഞു.

വോട്ടർ സ്ലിപ്പുകളിൽ ഉപയോഗിക്കുന്ന ക്യുആർ കോഡുകൾ വോട്ടർമാരെ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നതിനു പുറമെ ക്യൂവിൽ നിൽക്കുന്ന വോട്ടർമാരുടെ എണ്ണവും ബൂത്ത് അപ്ലിക്കേഷനിലൂടെ ലഭ്യമാക്കും.

കൂടാതെ ഓരോ പ്രദേശത്തെയും വോട്ടർപട്ടികയിലുള്ള മാറ്റത്തെക്കുറിച്ചുള്ള കൃത്യമായ അപ്‌ഡേറ്റുകളും ആപ്ലിക്കേഷൻ നൽകും. ഒരു വോട്ടർ‌ തന്റെ വോട്ടർ‌ സ്ലിപ്പ് കൊണ്ടുവരാൻ‌ മറന്നാൽ‌, വോട്ടർ‌മാരുടെ ഹെൽപ്പ്‌ലൈൻ‌ ആപ്ലിക്കേഷനിൽ‌നിന്ന് അയാൾ‌ക്ക് ക്യുആർ കോഡ് ഡൗണ്‍ലോഡ് ചെയ്യാൻ‌ സാധിക്കും. വോട്ടർമാരെ തിരിച്ചറിയുന്നതിന് പോളിങ് സ്റ്റേഷനിൽ ക്യുആർ കോഡ് സ്കാൻ ചെയ്യും. അതിനുശേഷം മാത്രമായിരിക്കും അവർക്ക് വോട്ട് രേഖപ്പെടുത്താൻ അനുവാദമുണ്ടാകൂ.

പോളിങ് ബൂത്തിൽ ക്യുആർ കോഡ് സ്കാൻ ചെയ്തുകഴിഞ്ഞാൽ വോട്ടർമാർ അവരുടെ സ്മാർട്ട്‌ഫോണുകൾ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതുണ്ട്. അതിനായി പോളിങ് സ്റ്റേഷനുകളിൽ ലോക്കർ സൗകര്യങ്ങളുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പറഞ്ഞു.

ഏകദേശം 1.46 കോടി വോട്ടർമാരാകും വരാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തുകയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശ്വസിക്കുന്നത്. ഇതിനായി 90,000 ഉദ്യോഗസ്ഥരെ ഡൽഹിയിലെ പോളിങ് സ്റ്റേഷനുകളിൽ വിന്യസിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook