ഖത്തര്‍ ലോകകപ്പ് ആരംഭിക്കാൻ കൃത്യം ഒരു മാസമാണ് ഇനി അവശേഷിക്കുന്നത്. എല്ലാവരുടെയും കണ്ണുകള്‍ 60,000 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിലേക്കായിരിക്കും. ഖത്തറിന്റെ ഭൂതകാലവും ഭാവിയുമെല്ലാം ഓര്‍മിക്കപ്പെടുന്ന തരത്തിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം.
എന്നാല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന്റെ നിഴലില്‍ സംഭവിച്ചത് ആരെയും അലോസരപ്പെടുത്തുന്ന കാര്യങ്ങളാണ്. ബിഹാര്‍, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നു പോയ തൊഴിലാളികളിൽ ചിലർ തിരിച്ചെത്തിയത് ശവപ്പെട്ടികളിലായിരുന്നു.
എട്ട് മാസത്തിലേറെയായി, ഇന്ത്യൻ എക്‌പ്രസ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ പരിശോധിക്കുകയും രാജ്യത്തുടനീളമുള്ള തൊഴിൽ ഏജന്റുമാർ, കുടിയേറ്റ ക്ഷേമ പ്രവർത്തകർ, പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിക്കുകയും ചെയ്തു. ലോകകപ്പുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനിടെ ഖത്തറിൽ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കുടുംബങ്ങളെ കണ്ടെത്താൻ വിവരാവകാശ അപേക്ഷകൾ സമർപ്പിക്കുകയും ചെയ്തു.
അവരിൽ ഒമ്പത് പേരുടെ കുടുംബങ്ങളുമായി സംസാരിച്ചു, ചിലരെ അവരുടെ വീടുകളിൽ പോയി നേരിട്ടു കണ്ടു. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പാരമ്യത്തിലെത്തിയ കുടുംബങ്ങളുടെ അവസ്ഥ ശോചനീയമാണ്. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്ന പരാതി ഒന്നുമാത്രമായിരുന്നു, ഒരു നഷ്ടപരിഹാരം നല്‍കാനോ അന്വേഷിക്കാനോ ആരുമുണ്ടായില്ലെന്ന്.
ഏഴ് കുടുംബങ്ങളിലെ ഏക ആശ്രയം മരിച്ച തൊഴിലാളികള്‍ തന്നെയായിരുന്നു. എല്ലാവരും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരായിരുന്നു. സ്വഭാവിക മരണമാണ് എല്ലാവരുടേയും. ഒന്‍പത് പേരില്‍ മൂന്ന് പേരും 30 വയസിന് താഴെയുള്ളവരാണ്. ഇതിലൊരാളുടെ പ്രായം 22 വയസ് മാത്രം. മറ്റുള്ള അഞ്ച് പേര്‍ 50 വയസിന് താഴെയും. ഖത്തറിലെ തൊഴിലാളികളുടെ സുഹൃത്തുക്കളോ സഹപ്രവർത്തകരോ വഴിയാണ് മരണ വിവരം അറിഞ്ഞതെന്നും കുടുംബങ്ങൾ പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ വായിക്കാം: Express Investigation: Qatar World Cup kicks off in a month, spare a thought for these men