ക്യൂൻസ്‌ലാൻഡ്: വെക്കേഷൻ ആഘോഷിക്കാനാണ് മൊയ്റ ബോക്സൽ ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലാൻഡിൽ എത്തിയത്. വിമാന യാത്ര കഴിഞ്ഞ് എയർപോർട്ടിൽ എത്തിയ ബോക്സൽ ബാഗ് തുറന്നപ്പോൾ കണ്ടത് പെരുമ്പാമ്പ്. ബാഗിൽ ഉണ്ടായിരുന്ന ഷൂസിലായിരുന്നു കുഞ്ഞു പെരുമ്പാമ്പ് ഉണ്ടായിരുന്നത്.

ഷൂസിൽ പെരുമ്പാമ്പിനെ കണ്ട് ഞെട്ടിയ ബോക്സൽ ഉടൻ തന്നെ അനിമൽ പ്രൊട്ടക്ഷൻ ഏജൻസിയെ അറിയിച്ചു. ഏകദേശം 15,000 ത്തോളം കിലോമീറ്റർ യാത്ര ചെയ്താണ് ബോക്സൽ ക്യൂൻസ്‌ലാൻഡിൽ എത്തിയത്. അതുവരെ തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലെ ഷൂസിൽ പെരുമ്പാമ്പ് ഉണ്ടായിരുന്നു.

ക്യൂൻസ്‌ലാൻഡിലേക്ക് പോകുന്നതിനായി തയാറാകുമ്പോൾ തന്റെ റൂമിൽ ബോക്സൽ പാമ്പിനെ കണ്ടതായി മരുമകൻ പോൾ എയർലി എബിസി ഓസ്ട്രേലിയയോട് പറഞ്ഞു. പക്ഷേ വീട് മുഴുവൻ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഷൂസിനുളളിൽ പാമ്പിനെ കണ്ടപ്പോൾ ബോക്സൽ കരുതിയത് ഞങ്ങൾ അവരെ പറ്റിക്കാൻ വേണ്ടി പ്ലാസ്റ്റിക് പാമ്പിനെ വച്ചതാണെന്ന്. പാമ്പിനെ തൊട്ടതും അനങ്ങിയപ്പോഴാണ് തമാശയല്ലെന്ന് മനസിലായതെന്ന് പോൾ പറഞ്ഞു.

”എന്നെ കളിപ്പിക്കാനായി കുടുംബത്തിലുളളവർ ആരോ വച്ച കളിപ്പാട്ടമാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ അനങ്ങാൻ തുടങ്ങിയപ്പോഴാണ് അതിന്റെ തലയും പമ്പുകളും കണ്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായിരുന്നു അപ്പോഴുണ്ടായത്,” 72 കാരിയായ ബോക്സൽ ദി ടെലഗ്രാഫിനോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook